ടീം സോളാറിന്റെ തുടക്കം മുതല്‍ ബിസിനസ് പിടിക്കാന്‍ ഹൈബി ഈഡന്‍ എംഎല്‍എ സഹായിച്ചുവെന്നായിരുന്നു ബിജു രാധാകൃഷ്ണന്റെ മൊഴി. ഇത് വാസ്തവവിരുദ്ധമാണെന്ന് ഹൈബി മൊഴി നല്‍കി. സരിത എസ് നായരെയോ, ബിജു രാധാകൃഷ്ണനെയോ നേരിട്ടു കണ്ടിട്ടില്ല. സരിതയുടെ ഫോണില്‍ നിന്നും തിരിച്ചുമുള്ള വിളികളുടെ കാര്യം കമ്മീഷന്‍ ചോദിച്ചു. മൊത്തം 66 വിളികളാണ് പരസ്പരം നടന്നതെന്ന് രേഖകള്‍ കാട്ടി. ഷാഫി പറമ്പില്‍ എംഎല്‍യുടെ മണ്ഡലമായ പാലക്കാട്ട് സോളാര്‍ ബിസിനസില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സരിത ചിലരെ പറ്റിച്ചിരുന്നു. ഇതില്‍ ഇടപെടണമെന്ന് ഷാഫി പറഞ്ഞതനുസരിച്ചാണ് സരിതയെ വിളിച്ചതെന്നും ഹൈബി ഈഡന്‍ മൊഴി നല്‍കി. 19 വിളികള്‍ മാത്രമാണ് താന്‍ അങ്ങോട്ട് നടത്തിയത്. വിളികളില്‍ പലതും സെക്കന്റുകള്‍ മാത്രമാണ് നീണ്ടു നിന്നതെന്നും ഹൈബി അറിയിച്ചു. സരിതയെ പരിചയപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണെന്ന സരിതയുടെ മൊഴി തെറ്റാണെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. മണ്ഡലത്തിലെ സോളാര്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി സരിത ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ യുവജനയാത്രക്കിടെയായിരുന്നു ഇത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് മൂന്ന് തവണ കണ്ടു. പക്ഷെ പദ്ധതി നടന്നില്ല. വിഷ്ണുനാഥിന്റെ മൊഴിയെടുപ്പ് നാളെയും തുടരും.