നേരത്തെ ആവശ്യത്തിന് ഇന്ധനമില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിമാനം ഹൈദരാബാദില്‍ അടിയന്തര ലാന്റിങ് നടത്തിയത്.  

ഹൈദരാബാദ്: പറന്നുയരുന്നതിന് തൊട്ട് മുന്‍പ് ചിറകില്‍ നിന്ന് ഇന്ധന ലീക്കേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര തടഞ്ഞു. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സിറ്റി ലിങ്ക് എയര്‍ലൈന്‍സ് വിമാനത്തിലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടത്.

നേരത്തെ ആവശ്യത്തിന് ഇന്ധനമില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിമാനം ഹൈദരാബാദില്‍ അടിയന്തര ലാന്റിങ് നടത്തിയത്. ഇന്ധനക്കുറവുണ്ടെന്ന വിവരം ഹൈദരാബാദ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ പൈലറ്റ് അറിയിച്ചപ്പോള്‍ ലാന്റ് ചെയ്യാനുള്ള അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇന്ധനം നിറച്ച ശേഷം വീണ്ടും പറന്നുയരാന്‍ തുടങ്ങവെയാണ് ഇന്ധന ലീക്കേജ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പൈലറ്റിന് അടിയന്തര സന്ദേശം നല്‍കി വിമാനത്തിന്റെ യാത്ര തടയുകയായിരുന്നു. തകരാര്‍ പരിഹരിച്ച് രാത്രിയോടെ വിമാനം ജക്കാര്‍ത്തയിലേക്ക് തിരിച്ചു.