ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുംബൈ സ്വദേശിയായ ഗവേഷക വിദ്യാര്‍ത്ഥി വിശാല്‍ ടണ്ഠനാണ് സര്‍വകലാശാലക്കടുത്തുളള ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാമ്പസിന് പരിസരത്തെ അപര്‍ണ സരോവർ അപ്പാർട്ട്മെന്റിലാണ് വിശാലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

അപര്‍ണ സരോവറിന്റെ പതിനാലാം നിലയില്‍ നിന്ന് വിശാല്‍ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതുപോലെയല്ല ജീവിതം മുന്നോട്ടുപോകുന്നതെന്നും മടുത്തുവെന്നും സൂചിപ്പിച്ച് മരിക്കുന്നതിന് മുമ്പ് സഹോദരിക്ക് വിശാല്‍ ഇ-മെയില്‍ സന്ദേശം അയച്ചതായി പൊലീസ് പറയുന്നു.

വിഷാദരോഗിയായിരുന്നു വിശാലെന്നും പൊലീസ് പറഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസില്‍ രണ്ടര വര്‍ഷമായി ഗവേഷണം നടത്തിവരികയായിരുന്നു വിശാല്‍. അതേസമയം, യൂണിവേഴ്സിറ്റി അധികൃതരോ വിദ്യാര്‍ത്ഥികളോ വരുന്നതിന് മുമ്പേ പൊലീസ് വിശാലിന്റെ മൃതദേഹം നീക്കം ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.