ഹൈദരാബാദ്: മദ്യപിച്ച യുവാവ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ പത്തുവയസുകാരിക്ക് ഒടുവില്‍ ദാരുണ അന്ത്യം. ഒരാഴ്‌ചയിലേറെയായി വെന്റിലേറ്ററില്‍ കഴിഞ്ഞ രമ്യ എന്ന പെണ്‍കുട്ടിയാണ് പ്രാര്‍ത്ഥനകള്‍ വിഫലമാക്കി മരണത്തിന് കീഴടങ്ങിയത്. ഒരാഴ്‌ച മുമ്പാണ് അപകടം ഉണ്ടായത്. പുതിയ സ്‌കൂളിലേക്ക് ആദ്യമായി കുടുംബാംഗങ്ങള്‍ക്കൊപ്പം കാറില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെവന്ന ഐ ടെന്‍ കാര്‍ രമ്യ സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശ്രവില്‍ എന്ന ഇരുപതുകാരന്‍ ഓടിച്ച കാറാണ് രമ്യയെ ഇടിച്ചു തെറിപ്പിച്ചത്. പിന്നീടു നടത്തിയ പരിശോധനയില്‍ ശ്രവില്‍ മദ്യപിച്ചിരുന്നതായി വ്യക്തമായി. ഹൈദരാബാദ് നഗരത്തിലെ ബന്‍ജാര ഹില്‍സ് പ്രദേശത്താണ് അപകടമുണ്ടായത്. ശ്രവില്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു, റോഡിലെ ഡിവൈഡറില്‍ ഇടിച്ചു മറുവശത്തുകൂടി വരുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രമ്യയുടെ അമ്മാവന്‍ രാജേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രമ്യയെ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്‌ക്കുള്ളില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കുന്നതിനായി അടിയന്തര ശസ്‌ത്രക്രിയ നടത്തി. അതിനുശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ രമ്യയുടെ ജീവന്‍ നിലനിര്‍ത്തി വരുകയായിരുന്നു. എന്നാല്‍ ഡോക്‌ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇന്നു രാവിലെയോടെ രമ്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശ്രവിലിനെയും മറ്റ് അഞ്ചു സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.