മുണ്ടക്കയം: കാണാതായ ജസ്നയുമായുള്ള രൂപസാദൃശ്യം കാരണം വീടിന് പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയാണ് കോട്ടയം മുണ്ടക്കയം സ്വദേശി അലീഷയ്ക്ക്. ജസ്നയെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘവും അലീഷയോട് സംസാരിച്ചിരുന്നു.

ഒറ്റനോട്ടത്തിൽ ജസ്നയെന്ന് തോന്നും. അതേ കണ്ണട പല്ലിൽ കമ്പിയുമിട്ടിട്ടുണ്ട്. ജസ്നയുടെ രൂപസാദൃശ്യം അലീഷക്ക് പുലിവാല് പിടിച്ച പോലെയാണ്. ജസ്നയുടെ തിരോധാനം വാർത്തയായത് മുതൽ മുണ്ടക്കയം വെള്ളനാടി സ്വദേശി അലീഷക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. 

എവിടെത്തിരിഞ്ഞാലും ആളുകൾ കൗതുകത്തോടെ നോക്കും. ചിലർ വന്ന് ചോദിക്കും. ആദ്യമൊന്നും പിടികിട്ടിയില്ല. പിന്നീട് ജസ്നയുടെ ഫോട്ടോ നോക്കിയപ്പോഴാണ് മുഖഛായ പറ്റിച്ച പണിയെക്കുറിച്ചറിയുന്നത്. അലീഷയെക്കുറിച്ച് ആരോ പൊലീസുനോടും പറഞ്ഞു.

ജസ്നയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം കൂടി പ്രഖ്യാപിച്ചതോടെ തന്നെ പിടിച്ച് കൊണ്ട് പൊലീസിലേൽപ്പിക്കുമോ എന്ന പേടിയിലാണ് അലീഷ. ജസ്നയെല്ലെന്ന് പറ‍ഞ്ഞ് മടുത്ത അലീഷക്ക് ജസ്നയെ എത്രയും വേഗം കണ്ടെത്തണമെന്ന പ്രാർഥനയാണുള്ളത്. കോരിക്കോട് ഹയർസെക്കന്ററി സ്കൂളിൽ നിന്നും പ്ലസ് ടു പാസായ ശേഷം ഡിഗ്രി പ്രവേശനത്തിനായി കാത്തിരിക്കുകയാണ് അലീഷ.