ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മതത്തെ രക്ഷിക്കാന്‍ ആരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത് പിന്നീട് പ്രതിയുടെ വെളിപ്പെടുത്തല്‍
ബംഗളൂരു: ഗൗരി ലങ്കേഷ് ആരാണെന്നറിയില്ലെന്നും അവരെ കൊന്നത് തന്റെ മതത്തെ രക്ഷിക്കാനെന്ന് പ്രതിയുടെ മൊഴി. ഗൗരി ലങ്കേഷ് ഹിന്ദു വിരോധിയാണെന്നും ഇതാണ് അവരെ കൊലപ്പെടുത്തിയതിന് കാരണമെന്നും പ്രതി പരശുറാം വാഗ്മോർ പൊലീസിന് മൊഴി നല്കി.
തന്റെ മതത്തെ രക്ഷിക്കാൻ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരശുറാമിനെ അറസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഒരാൾ തുടർച്ചയായി നമ്മുടെ മതവികാരം വൃണപ്പെടുത്തുന്നുണ്ടെന്നും ഇവരെ കൊലപ്പെടുത്തണമെന്നുമാണ് നിര്ദ്ദേശമുണ്ടായിരുന്നത്. കൊലപാകത്തിന് ശേഷമാണ് താൻ കൊലപ്പെടുത്തിയത് ഗൗരി ലങ്കേഷ് എന്ന സ്ത്രീയെയാണെന്ന് മനസ്സിലായത്. ആ കൊലപാതകം നടത്തേണ്ടിയിരുന്നില്ലായെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും പരശുറാം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറുപതോളം പേരെ ഗൗരിയെ കൊലപ്പെടുത്തുന്നതിനായി പരിശീലിപ്പിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്.
