പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് അഭിപ്രായം. സമാനമായ അഭിപ്രായമുളള ഒരുപാട് പേര്‍ പാര്‍ട്ടിക്കുളളിലുണ്ട്
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടല്ല തന്‍റെതെന്ന് വ്യക്തമാക്കി എം.എല്‍.എയുമായ വി.ഡി സതീശന്‍. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആള്‍ക്കൂട്ടത്തിന് പിന്നാലെ പോകരുതെന്ന നിലപാടില്‍ അന്നും ഇന്നും ഉറച്ചുനില്‍ക്കുന്നുവെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.
പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് എന്റെ അഭിപ്രായം. എന്റേതിന് സമാനമായ അഭിപ്രായമുളള ഒരുപാട് പേര്‍ പാര്‍ട്ടിക്കുളളിലുണ്ട്. ശബരിമല വിഷയത്തിലെ തന്റെ നിലപാട് പാര്‍ട്ടിക്കുളളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറയുന്നു.ബി.ജെ.പി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അതിന്റേതായ പാരമ്പര്യവും വഴികളുമുണ്ടെന്നും സതീശന്‍ പറയുന്നു.
ശബരിമല വിഷയം കോണ്‍ഗ്രസ് നേതൃത്വം ഏറെ ചര്‍ച്ച ചെയ്തശേഷമാണ് വിശ്വാസി സമൂഹത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോടതി വിധിക്ക് അനുകൂലമായ പ്രതികരണമാണ് ആദ്യം പ്രതിപക്ഷ നേതാവില്‍ നിന്നും കെ.പി.സി.സി അധ്യക്ഷനില്‍ നിന്നുമെല്ലാം ഉണ്ടായത്. പാര്‍ട്ടിക്കുളളില്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വേറൊരു അഭിപ്രായം പറഞ്ഞു. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാന ഘടകത്തിന് പ്രത്യേകമായി തീരുമാനം എടുക്കാന്‍ അനുവാദം നല്‍കുകയാണ് ഉണ്ടായതെന്നും വി.ഡി സതീശന്‍ പറയുന്നു. ബി.ജെ.പി ഈ വിഷയം ആളിക്കത്തിക്കുമെന്ന് വ്യക്തമായിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ ഈ വിഷയത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നുവെന്നും അദ്ദേഹം പറയുന്നു.
സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ത്ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുളള സ്ത്രീവിരുദ്ധതയെന്നാണ് താന്‍ കരുതുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല വിഷയം കോടതിയില്‍ വന്നപ്പോള്‍ നിലവിലെ ആചാരങ്ങള്‍ മാറ്റേണ്ട എന്നാണ് സത്യവാങ്മൂലം നല്‍കിയത്. പക്ഷേ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പാളിച്ചയുണ്ടായി.
വിഷയം വര്‍ഗീയവത്കരിക്കുക എന്ന ബി.ജെ.പിയുടെ രഹസ്യഅജണ്ടയ്ക്ക് വെളളവും വളവും പകര്‍ന്നുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ നടപടികളുടെ എല്ലാം നേട്ടം കിട്ടിയത് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്കാണ്. സ്ത്രീസമത്വം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളില്‍ പണ്ടുമുതലെ വിട്ടുവീഴ്ചയില്ലാത്ത പുരോഗമനപരമായ നിലപാട് സ്വീകരിച്ചിട്ടുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ കേരളത്തില്‍ സ്ത്രീ സമത്വത്തിന്റെ പേരിലല്ലാ ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത്.
വിഷയം വര്‍ഗീയവത്കരിക്കാന്‍ ബി.ജെ.പിക്ക് അവസരമുണ്ടാക്കി കൊടുക്കരുതെന്ന സദുദ്ദേശ്യം കൂടി എന്റെ സഹപ്രവര്‍ത്തകര്‍ക്കുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് എടുക്കുമ്പോഴും അവരെ കുറ്റപ്പെടുത്താത്തതെന്നും സതീശന്‍ പറഞ്ഞു.
