ന്യൂ‍ല്‍ഹി: ഇന്ത്യയില്‍ ഐഎസിന്‍റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പുതുതായി ചുമതലയേറ്റ ഇന്ത്യിയിലെ ഇറാഖിന്‍റെ സ്ഥാനപതി ഫാഖ്രി ഹസന്‍ അല്‍ ഈസ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിദേശത്തു നിന്ന് ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മതപഠന സ്ഥാപനങ്ങളുടെ സ്വാധീനവും ഇതിനു പിന്നിലുണ്ടെന്നും ഈസ പറഞ്ഞു.

ദക്ഷിണേഷ്യയില്‍ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ ചിന്താഗതികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഇത്തരം മതപഠനശാലകളെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വളര്‍ച്ചയ്ക്കു കാരണമാകുന്ന ഇത്തരം മതപഠനശാലകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ചിലര്‍ ഇത്തരം പുത്തന്‍ പാഠശാലകള്‍ നടത്തുന്നുണ്ടെന്നും ഈസ പറയുന്നു.

അതേസമയം കേരളത്തിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള ഇന്‍റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചതായും സൂചനകളുണ്ട്. ഐബിയുടെയും സ്റ്റേറ്റ് ഇന്‍റലിജന്‍സിന്‍റെയും നിരവധി റിപ്പോര്‍ട്ടുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ടി പി സെന്‍കുമാര്‍ ഇന്‍റലിജന്‍സ് എഡിജിപി ആയിരുന്ന കാലത്താണ് മുസ്ലീം യുവാക്കള്‍ക്കിടയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.