ദില്ലി: പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്‍റെ തിരിച്ചടിക്ക് പിന്നാലെ വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പൈലറ്റുമാരെ അഭിവാദ്യം ചെയ്തത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്‌സ് എന്നായിരുന്നു രാഹുലിന്‍റെ  ട്വീറ്റ്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ തിരിച്ചടി നടത്തിയതിന് പിന്നാലെയാണ് വ്യാമസേനാ പൈലറ്റുമാര്‍ക്ക് രാഹുല്‍ ഗാന്ധി അഭിവാദ്യമര്‍പ്പിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.രാഹുലിന് പിന്നാലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തുന്നുണ്ട്.