70ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് മധ്യപ്രദേശിലെ ഭാബ്റയില്‍ സ്വാതന്ത്രസമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ ജന്മഗൃഹത്തിലെത്തി പുഷ്പാര്‍ച്ച നടത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്‍മീര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞത്. ജമ്മുകശ്‍മീരില്‍ അശാന്തി പരത്താന്‍ ചിലര്‍ ശ്രമിക്കുന്നു. പുസ്തകവും ലാപ്‍ടോപ്പുമൊക്കെയായി നടക്കേണ്ട കുട്ടികള്‍ കയ്യില്‍ കല്ലുമായി നടക്കുന്നതില്‍ ദുഃഖമുണ്ട്. ചര്‍ച്ചയിലൂടെയും വികസനത്തിലൂടെയും കശ്‍മീരില്‍ പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്‍മീര്‍ സംഘര്‍ഷം ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചചെയ്യുമെന്നായിരുന്നു ഇന്നലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, സിപിഐ എം അംഗം സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. കശ്‍മീര്‍ വിഷയം മുമ്പ് സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ആവശ്യംമാനിച്ച് നാളെ രാജ്യസഭ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
