'തങ്ങൾക്ക്‌ കിട്ടിയ പാരിതോഷികം പോലും ദുരിതാശ്വാസനിധിയിലേക്ക്‌ കൊടുക്കുന്നവർക്ക്‌ സേവനമല്ലാതെ വേറൊന്നും കൊടുക്കാനില്ല.'

നൂറ്റാണ്ടിലെ വലിയ പ്രളയത്തില്‍നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുന്നില്‍നിന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചാണ് ഇപ്പോള്‍ വര്‍ത്തമാനങ്ങളെല്ലാം. കേരളത്തിന്‍റെ സ്വന്തം സൈന്യമെന്നുള്ള മുഖ്യമന്ത്രിയുടെ വിശേഷണത്തോട് വിയോജിപ്പുള്ളവര്‍ പൊതുജനത്തിനിടയിലും ഉണ്ടാവാന്‍ വഴിയില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ബോട്ടില്‍ കയറാനായി വെള്ളത്തില്‍ കമിഴ്‍ന്നുകിടന്ന് ശരീരം ചവിട്ടുപടിയാക്കിക്കൊടുത്ത താനൂരിലെ മത്സ്യത്തൊഴിലാളി ജെയ്സലാവും ഈ സന്നദ്ധതയുടെ ഓര്‍മ്മയില്‍ തങ്ങുന്ന ചിത്രം. രക്ഷാദൗത്യത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളില്‍ നിന്ന് സ്വകാര്യ പ്രാക്ടീസിന് ഇനി ഫീസ് വാങ്ങില്ലെന്ന് പറയുകയാണ് ഒരു ഡോക്ടര്‍.

വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലിലെ ഡിഎന്‍ബി ഫാമിലി മെഡിസിന്‍ റെസിഡന്‍റ് ആയ നെല്‍സണ്‍ ജോസഫ് ആണ് ഒരു മലയാളി എന്ന നിലയില്‍ മത്സ്യത്തൊഴിലാളി സമൂഹത്തോട് തനിക്കുള്ള ചുമതലയെക്കുറിച്ച് പറയുന്നത്.

നെല്‍സണ്‍ ജോസഫ് പറയുന്നു

"ഞാൻ എന്നെങ്കിലും എവിടെയെങ്കിലും പ്രാക്ടീസ്‌ ചെയ്യുമോ എന്നെനിക്കറിയില്ല. അഥവാ ചെയ്തുകഴിഞ്ഞാൽത്തന്നെ അവരിലാരെയെങ്കിലും കണ്ടുമുട്ടുമോയെന്നുമറിയില്ല. എന്നുവച്ചാൽ ഇത്‌ നടക്കുവാനുള്ള സാഹചര്യം വളരെ വളരെ കുറവാണെന്നറിഞ്ഞുകൊണ്ടാണ് പറയുന്നത്‌. അങ്ങനെ എന്നെങ്കിലും സ്വകാര്യ പ്രാക്ടീസ്‌ ചെയ്താൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് ഇനി മുന്നോട്ട്‌ കൺസൾട്ടേഷൻ ഫീസ്‌ വാങ്ങില്ല. തങ്ങൾക്ക്‌ കിട്ടിയ പാരിതോഷികം പോലും ദുരിതാശ്വാസനിധിയിലേക്ക്‌ കൊടുക്കുന്നവർക്ക്‌ സേവനമല്ലാതെ വേറൊന്നും കൊടുക്കാനില്ല. നന്നായിട്ട്‌ ആലോചിച്ചിട്ടുതന്നെയാണ്. ആവേശക്കമ്മിറ്റിയല്ല."

ദുരിതമുഖത്ത് ആയിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ മത്സ്യത്തൊഴിലാളികളെ 29ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആദരിക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു.