വാഹനങ്ങളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ കൊടിയും അധികാര ചിഹ്നങ്ങളും ഉപയോഗിക്കരുതെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലറിനെതിരെ ഒരു വിഭാഗം ഐ എഎസ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. അനാവശ്യവിവാദങ്ങള്‍ക്കാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ശ്രമമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.


ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങളില്‍ നീല നിറത്തിലുളള കൊടി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന കീഴ്വഴക്കത്തിനെതിരെ ഗതാഗത കമ്മിഷണര്‍ സര്‍ക്കുലറിറക്കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നത്. കൊടിയും അധികാര ചിഹ്നങ്ങളും മാറ്റേണ്ടതില്ലെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. വര്‍ഷങ്ങളായുളള കീഴ്വഴക്കമെന്ന രീതിയിലാണ് ഇത് തുടരുന്നത്. ഐഎഎസ്കാര്‍ക്ക് കൊടി വയ്‌ക്കാന്‍ അധികാരമില്ലെങ്കില്‍ ഐപിഎസ് കാര്‍ വാഹനങ്ങളില്‍ നക്ഷത്രചിഹ്നം ഉപയോഗിക്കാന്‍ പാടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ അനാവശ്യ വിവാദങ്ങള്‍ക്കാണ് ഗതാഗത കമ്മിഷണര്‍ ശ്രമിക്കുന്നതെന്നും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലറിനോടുളള അതൃപ്തി ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിമാരുടെ വാഹനങ്ങളില്‍ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമെന്ന്കാണിച്ച് മറ്റൊരു നോട്ടീസും പൊതുഭരണവകുപ്പിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നല്‍കിയിരുന്നു. ഗതാഗത മന്ത്രിയുള്‍പ്പെടെയുളള മന്ത്രിമാര്‍ ചട്ടലംഘനം നടത്തുന്നുവെന്നും നോട്ടീസിലുണ്ട്. ഇതടക്കമുളള കമ്മിഷണറുടെ നീക്കങ്ങളോട് തത്ക്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് ഗതാഗത മന്ത്രി. കേന്ദ്ര മോട്ടോര്‍വാഹന ചട്ടം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇടയ്‍ക്കിടെ ഗതാഗത കമ്മിഷണര്‍മാര്‍ നോട്ടീസ് അയക്കാറുണ്ടെന്നും ഇത് കാര്യമാക്കേണ്ടതില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് വരുംദിവസങ്ങളില്‍ ഗതാഗത കമ്മിഷണറുമായി പരസ്യമായ കൊമ്പുകോര്‍ക്കലിന് വഴിവെക്കും.