ശാസ്തമം​ഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്ന സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്.

തിരുവനന്തപുരം: ശാസ്തമം​ഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്ന സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്. മരുതംകുഴിയിലാണ് പുതിയ എംഎൽഎ ഓഫീസ് തുറക്കുന്നത്. അനാവശ്യ വിവാദം വേണ്ടെന്ന് ആലോചിച്ചിട്ടാണ് അങ്ങോട്ട് മാറുന്നതെന്നാണ് എംഎൽഎയുടെ വിശദീകരണം. 

‘’വ്യക്തിപരമായി തന്നെ തീരുമാനിച്ചു. കാരണം അനാവശ്യ വിവാദം ഉണ്ടാക്കി നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെ വിസ്മൃതിയിലാക്കാനും അപവാദം പ്രചരിപ്പിക്കാനും ഈ സന്ദർഭത്തെ പലരും വിനിയോ​ഗിച്ചു. അക്കാര്യം ശ്രദ്ധയിൽപെട്ടിരുന്നു. അതുകൊണ്ട് വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. മരുതംകുഴിയിൽ കൂടുതൽ സൗകര്യപ്രദമായ ഓഫീസ് കണ്ടെത്തി അങ്ങോട്ട് മാറിയിട്ടുണ്ട്. ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലം എന്ന നിലയ്ക്കാണ് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി 7 വർഷം അവിടെ പ്രവർത്തിച്ചത്. ഒരു തർക്കങ്ങളും ഉണ്ടായിട്ടില്ല. മരുതംകുഴിയിലെ സ്ഥലവും തൊട്ടടുത്ത് തന്നെയാണ്. ജനങ്ങൾക്ക് പ്രയോജനപ്പെടാനാണ് എംഎൽഎ ഓഫീസുള്ളത്. ജനങ്ങൾക്ക് വളരെ തൃപ്തികരമായ രീതിയിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. വരും​ദിവസങ്ങളിലും അങ്ങനെ തന്നെ മുന്നോട്ട് പോകും. നിയമാനുസൃതമായിട്ടാണ് അവിടെ ഇരുന്നത്. വാടക സംബന്ധിച്ച് പോലും വളരെ കുപ്രചരണം അഴിച്ചുവിട്ടു. 25000 രൂപ എഴുതിവാങ്ങി ചെലവഴിക്കുന്നു എന്ന രീതിയിലൊക്കെ കുപ്രചരണം നടത്തി. യഥാർത്ഥത്തിൽ അങ്ങനെയൊരു അലവൻസില്ലെന്ന് മാധ്യമസുഹൃത്തുക്കൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടും ഇത് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനം ഇപ്പോൾ മനസിലാക്കിയിട്ടുണ്ട്, അങ്ങനെയൊരു അലവൻസില്ല എന്ന്. എല്ലാ എംഎൽഎമാർക്കും കിട്ടുന്നത് പോലെയേ ഞങ്ങൾക്കും ലഭിക്കുന്നുള്ളൂ. സംസ്ഥാനത്തെ എല്ലാ ജനപ്രതിനിധികളും സർക്കാരിന്റെ കെട്ടിടങ്ങളിൽ സൗജന്യമായിട്ടാണ് ഇരിക്കുന്നത്. ഞാൻ മുൻ മേയർ എന്ന നിലക്കാണ് കുറഞ്ഞ വാടകയെങ്കിലും നിശ്ചയിച്ച് തരണമെന്ന് ആവശ്യപ്പെട്ട് അവരത് ചെയ്തത്. അതിനെപ്പോലും മഹാ അപരാധമായി ചിത്രീകരിച്ചു. ആ വിവാദം തുടരേണ്ടതില്ല.'' വി കെ പ്രശാന്ത് മാധ്യമങ്ങളോട് വിശദീകരിച്ചു.