യുവതിയെ സ്വന്തമാക്കാൻ സുഹൃത്തിന്റെ സഹായത്തോടെ സൃഷ്ടിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇരുവരും റിമാന്റിൽ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ ഇയാളും കൂട്ടു നിന്ന സുഹൃത്തും അറസ്റ്റിലാവുകയായിരുന്നു.

പത്തനംതിട്ട: പ്രണയിനിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി കാമുകിയെ സ്വന്തമാക്കാൻ മനപൂർവം വാഹനാപകടം ഉണ്ടാക്കിയ കാമുകൻ റിമാന്റിൽ. ഇന്നലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇയാളും കൂട്ടു നിന്ന സുഹൃത്തും അറസ്റ്റിലാവുകയായിരുന്നു. പത്തനംതിട്ട കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജനും സുഹൃത്ത് പയ്യനാമൺ സ്വദേശി അജാസും ആണ് പിടിയിലായത്. ഡിസംബർ 23 ന് സ്കൂട്ടറിൽ വന്ന യുവതിയെ മനപൂർവം അപകടത്തിൽപ്പെടുത്തി. പിന്നാലെ നാടകീയമായി സ്ഥലത്തെത്തിയ കാമുകൻ കാറിൽ കയറ്റി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. വാഹനാപകട കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് മനപ്പൂർവം ഉണ്ടാക്കിയ അപകടമാണെന്ന് പോലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടി സ്കൂട്ടറിൽ വരുമ്പോള്‍, കാമുകനായ രഞ്ജിത്തിന്‍റെ നിര്‍ദേശ പ്രകാരം സുഹൃത്ത് അജാസ് വാഹനമിടിച്ചിട്ട് നിര്‍ത്താതെ പോയി. പിന്നാലെ നാടകീയമായി അവിടെ വന്നിറങ്ങിയ കാമുകൻ നാട്ടുകാരോട് ഭര്‍ത്താവാണെന്ന് കള്ളം പറഞ്ഞ് പെണ്‍കുട്ടിയെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. അതുവഴി പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അനുകമ്പ പിടിച്ചു പറ്റി, നല്ല ചെറുപ്പക്കാരനെന്ന് പറയിപ്പിക്കുക, പെണ്‍കുട്ടിയെ സ്വന്തമാക്കുക എന്നായിരുന്നു പദ്ധതി. എന്നാൽ പെണ്‍കുട്ടിയ്ക്ക് ദേഹമാസകലം പരിക്കുണ്ടായിരുന്നു. കോന്നി പൊലീസ് പരിക്കുകള്‍ പരിഗണിച്ച് വാഹനാപകട കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് കാമുകനും സുഹൃത്തും നടത്തിയ പദ്ധതി പൊളിച്ചത്. മനപൂര്‍വമുണ്ടാക്കിയ അപകടമാണെന്ന് അറിഞ്ഞ പൊലീസ്, നരഹത്യശ്രമ കേസിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.