ദുരിതബാധിതര്‍ക്കുള്ള സാധനസമാഗ്രഹികള്‍ ചുമലിലേറ്റി ലോറികളിലേക്ക് കേറ്റാനും ഇറക്കാനും തരംതിരിക്കാനുമൊക്കെയായി എട്ട് ദിവസത്തോളം കണ്ണന്‍ ഗോപിനാഥന്‍ വളണ്ടിയറായി പ്രവര്‍ത്തിച്ചു.

കൊച്ചി: പ്രളയാനന്തരദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സ്വയം സമര്‍പ്പിച്ച് പ്രവര്‍ത്തിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ദാദ്ര നഗര്‍ ഹവേലി കളക്ടറും മലയാളിയുമായ കണ്ണന്‍ ഗോപിനാഥന്‍ കേരളത്തിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ആരേയും അറിയിക്കാതെയാണ് നീണ്ട എട്ട് ദിവസങ്ങളില്‍ ദുരിതബാധിതര്‍ക്കായി സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയത്.

2012-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപീനാഥന്‍ ആഗസ്റ്റ് 26-നാണ് കേരളത്തിലെത്തുന്നത്. കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നും കേരളത്തിനുള്ള സഹായമായ ഒരു കോടി രൂപയുടെ ചെക്ക് കൈമാറുക എന്നതായിരുന്നു യാത്രയുടെ ഔദ്യോഗികലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ചെക്ക് കൈമാറിയ ശേഷം കണ്ണന്‍ നേരെ പോയത് ചെങ്ങന്നൂരിലെ ദുരിതബാധിതരുടെ ക്യാംപുകളിലേക്കാണ്. ശേഷം കൊച്ചിയിലെ കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ഓഫീസിലേക്കും. ഇവിടെ ദുരിതബാധിതര്‍ക്കുള്ള സാധനസമാഗ്രഹികള്‍ ചുമലിലേറ്റി ലോറികളിലേക്ക് കേറ്റാനും ഇറക്കാനും തരംതിരിക്കാനുമൊക്കെയായി കണ്ണന്‍ ഗോപിനാഥന്‍ പ്രവര്‍ത്തിച്ചു.

സ്വദേശമായ പുല്‍പ്പള്ളിയിലേക്ക് പോലും പോവാതെ എട്ട് ദിവസം തുടര്‍ച്ചയായി കണ്ണന്‍ ഗോപിനാഥന്‍ ഇവിടെ വളണ്ടിയറായി പ്രവര്‍ത്തിച്ചു. ഒടുവില്‍ ഏട്ടാം നാള്‍ കെബിപിഎസ് ആസ്ഥാനത്ത് എത്തിയ ചില സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ കണ്ണനെ തിരിഞ്ഞറിഞ്ഞതോടെയാണ് തങ്ങള്‍ക്കൊപ്പം ചാക്കുകള്‍ കയറ്റാനും ഇറക്കാനുമെല്ലാം ഒപ്പം നിന്നത് ഒരു ഐഎഎസ് ഓഫീസറായിരുന്നുവെന്ന് മറ്റുവളണ്ടിയര്‍മാര്‍ക്ക് മനസ്സിലായത്. ഇതോടെ കണ്ണനെ പരിചയപ്പെടാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനുമുള്ള ബഹളമായി. ഇനിയങ്ങോട്ട് സാധാരണ പോലെ വളണ്ടിയര്‍ വര്‍ക്ക് ചെയ്യാനാവില്ലെന്ന് മനസ്സിലായതോടെ കണ്ണന്‍ സന്നദ്ധ പ്രവര്‍ത്തനം നിര്‍ത്തി ദാദ്ര നഗര്‍ ഹവേലിയിലേക്ക് മടങ്ങി. 

കണ്ണന്‍റെ സന്നദ്ധസേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ ബന്ധപ്പെട്ട മാധ്യമങ്ങളോട് കൂടുതലൊന്നും പ്രതികരിക്കാന്‍ പക്ഷേ അദ്ദേഹം തയ്യാറായില്ല. ആളുകള്‍ പെട്ടെന്ന് തിരിച്ചറിയുകയും സെല്‍ഫിയെടുക്കാനായി വട്ടം കൂടുകയും ചെയ്തപ്പോള്‍ അല്‍പം ചമ്മലുണ്ടായെന്ന് കണ്ണന്‍ പറയുന്നു. ''ഞാന്‍ എന്തെങ്കിലും മഹത്തരമായി ചെയ്തുവെന്ന തോന്നല്‍ എനിക്കില്ല. ഞാനൊരു സന്ദര്‍ശകന്‍ മാത്രമായിരുന്നു. മഹാപ്രളയത്തിന് നടുവില്‍ ആദ്യനാള്‍ മുതല്‍ നില്‍ക്കുന്ന ഓഫീസര്‍മാരാണ് യഥാര്‍ത്ഥ ഹീറോസ്. എന്നെ ആളുകള്‍ തിരിച്ചറിഞ്ഞ ശേഷം അവിടെ നില്‍ക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി അതിനാല്‍ അവിടെ നിന്നും വേഗം പോയി. ഈ മഹാപ്രളയത്തെ നേരിടാന്‍ ഒറ്റക്കെട്ടായി, ഒരു മനസ്സായി നില്‍ക്കുന്ന മലയാളികളെ കാണുന്പോള്‍ സന്തോഷവും അഭിമാനവുമുണ്ട്, തീര്‍ച്ചയായും ഈ ദുരന്തങ്ങളെ കേരളം അതിജീവിക്കും... കണ്ണന്‍ പറഞ്ഞു നിര്‍ത്തി.