Asianet News MalayalamAsianet News Malayalam

ഐസ് മെത്ത്- മയക്കുമരുന്ന് ലോകത്തെ ഭീകരന്‍ കൊച്ചിയിലും

ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് ഈ മയക്കുമരുന്നുമായി പൊലീസ് പിടിയിലായത്. ഇയാളില്‍നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ത്ഥവും പിടിച്ചെടുത്തു.

icementh-worth 5 core attached in kochi
Author
Kerala, First Published Dec 22, 2018, 10:23 AM IST

കൊച്ചി: കഴിഞ്ഞ ദിവസമാണ്  ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് വില്പനയ്ക്കായി നഗരത്തിലെത്തിച്ച 'ഐസ്മെത്ത് 'എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. ഇതോടെ മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന്‍ ഐസ്‌മെത്ത് വാര്‍ത്തയാകുകയാണ്. ലഹരിമരുന്ന് മാര്‍ക്കറ്റില്‍ അഞ്ച് കോടി രൂപയോളം വില വരും ഐസ്മെത്തിന്.

ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് ഈ മയക്കുമരുന്നുമായി പൊലീസ് പിടിയിലായത്. ഇയാളില്‍നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ത്ഥവും പിടിച്ചെടുത്തു.

ചെന്നൈ കേന്ദ്രീകരിച്ച് മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കുന്ന സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഈ സംഘത്തിന്റെ ഫോണ്‍ കോളുകളും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള സന്ദേശങ്ങളും പ്രവൃത്തികളും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ശ്രീലങ്കയില്‍  ഇപ്പോഴും എല്‍ടിടി സാന്നിധ്യമുള്ള പ്രദേശങ്ങളുടെ പ്രധാനവരുമാനം ഇപ്പോള്‍ മയക്കുമരുന്ന് കടത്താണ്. ഇത്തരത്തില്‍  മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കടലില്‍ കൂടി എത്തുന്ന മയക്കുമരുന്ന് അവിടെ നിന്ന് ബോട്ട് വഴി ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്‍റെ പല ഭാഗത്തേക്കും  ഇബ്രാഹിം ഷെരീഫിനെപ്പോലുള്ള ഏജന്‍റുമാര്‍ വഴി വിതരണം ചെയ്യുന്നതാണ് ഈ സംഘത്തിന്‍റെ പ്രവര്‍ത്തനം എന്ന് പൊലീസ് പറയുന്നു. എങ്കിലും അപൂര്‍വ്വമായ ഐസ് മെത്തി ലഭിച്ചത് പൊലീസിന് അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ഐസ് മെത്തിഅഥവ മെതാംഫെറ്റമീന്‍ ചെറിയ കക്ഷിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ്, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലും ഇത് അറിയപ്പെടുന്നു. ഗ്ലാസ് പാത്രങ്ങളില്‍ ചൂടാക്കി ശ്വസിച്ചുമെല്ലാം ഉപയോഗിക്കുന്ന മെത്ത് ആദ്യ ഉപയോഗത്തില്‍ തന്നെ ഉപയോഗിക്കുന്നയാളെ അടിമയാക്കുന്ന മരുന്നാണ് എന്നാണ് പറയപ്പെടുന്നത്. ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ ഇതിന്‍റെ ലഹരി നിലനില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്.

അതിവേഗത്തിൽ തലച്ചോറിൽ എത്തി തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ ലഹരിവസ്തുവിന് സ്പീഡ് എന്ന പേര് ലഭിച്ചത്. പാർട്ടി ഡ്രഗ് ആയി സ്ത്രീകൾ കൂടുതലായും ഉപയോഗിക്കുന്നത് ഇതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അപൂർവമായി മാത്രം കിട്ടുന്നതുകൊണ്ട് വൻ ഡിമാൻഡാണിതിന്. ലഹരിമരുന്ന് ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

നീലച്ചിത്ര നിര്‍മാണ മേഖലയില്‍ പുരുഷന്‍മാരും ഉദ്ധാരണ ശേഷി വര്‍ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉപയോഗിക്കുന്ന മരുന്നായി ഐസ് മെത്ത് ഉപയോഗപ്പെടുത്തുന്നു പോലും. പാര്‍ട്ടികളില്‍ കൂടുതല്‍ സമയം ക്ഷീണം അറിയാതെ നൃത്തം ചെയ്യുന്നതിനും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പൊണ്ണത്തടി കുറയ്ക്കാനുള്ള മരുന്നുകളില്‍ ചെറിയ അളവില്‍ മെതാംഫെറ്റമിന്‍ ഉപയോഗിക്കാറുണ്ടെന്ന് വിദഗ്ധര്‍. 

ശരീരത്തിന്റെ താപനില ഉയരുക, രക്തസമ്മര്‍ദം ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം. ശ്വസിച്ച് മെത് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിര്‍മിക്കാനുപയോഗിക്കുന്ന എഫ്രഡിന്‍. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. 

Follow Us:
Download App:
  • android
  • ios