എസ്റ്റിമേറ്റ് തുകയേക്കാള്‍ 30 കോടി കുറച്ചാണ് ഡിഎംആര്‍സി നിര്‍മാണം പൂര്‍ത്തിയാക്കിയത്. നൂതനവും, ചിലവ് കുറഞ്ഞതുമായ ഡിസൈന്‍ തെരഞ്ഞെടുത്തതാണ് ഇതിന് കാരണം.

108 കോടി രൂപക്ക് എസ്റ്റിമേറ്റിട്ട പാലം പൂര്‍ത്തിയായത് 78 കോടിക്ക്. എസ്റ്റിമേറ്റ് തുകയേക്കാള്‍ ഏതാണ്ട്, 30 ശതമാനത്തോളം കുറവ്. ഇതില്‍ പാലത്തിന്റെ നിര്‍മാണ ചിലവില്‍ മാത്രം 11 കോടി ലാഭിച്ചു. നൂതനവും, ചിലവ് കുറഞ്ഞതുമായ ഡിസൈന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഐഎടി മുന്‍ പ്രൊഫസര്‍ പി കെ അരവിന്ദനാണ് ഡിസൈന്‍ തയ്യാറാക്കിയത്. 20 മാസം കൊണ്ട് നിര്‍മാണവും പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് പി ഡബ്ല്യൂ ഡി നിര്‍മ്മിക്കുന്ന പാലങ്ങളില്‍ മിക്കതും എസ്റ്റിമേറ്റ് തുകയേക്കാള്‍ 50 ശതമാനത്തിലധികം ചിലവാക്കുമ്പോഴാണ് ഡിഎംആര്‍സിയുടെ ഈ മാതൃക.

കൊച്ചിയിലെ പച്ചാളം റെയില്‍വേ മേല്‍പാലം, നോര്‍ത്ത് പാലം, കോഴിക്കോട് പന്യങ്കര പാലം എന്നിവയും പൂര്‍ത്തിയാക്കിയത് ഇതേ ഡിസൈനില്‍ ചിലവ് കുറച്ചാണ്. ഒപ്പം കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ക്കും, ഇതേ നിര്‍മാണ രീതിയാകും അവലംബിക്കുക. സംസ്ഥാനത്ത് ഇനി പണി ആരംഭിക്കാനിരിക്കുന്ന പാലങ്ങള്‍ക്ക് ഇതേ മാതൃക പിന്‍തുടരണമെന്ന ആലോചന പൊതുമരാമത്ത് വിഭാഗം തുടങ്ങിക്കഴിഞ്ഞു.