Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ ആകാശത്ത് നിന്നും അജ്ഞാത വസ്തു; ഭൗമശാസ്ത്രജ്ഞര്‍ പരിശോധിച്ചു

Idukki
Author
First Published Oct 20, 2016, 2:00 AM IST

ഇടുക്കി:  പെരുവന്താനനത്തിനു സമീപം  റോഡിലേയ്ക്ക് ആകാശത്തുനിന്നും പതിച്ച വസ്തു ഭൗമശാസ്ത്രജ്ഞരെത്തി പരിശോധിച്ചു. ഉൽക്കയല്ലെന്നാണ് പ്രാഥമിക നിഗമനം.  ഇത് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനക്കായി കൊൽക്കത്തയിലെ ലാബിലേക്ക് അയക്കും.

പെരുവന്താനം ബോയ്സ് എസ്റ്റേറ്റിൽ ചൊവ്വാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് ഉൽക്കയെന്നു സംശയിക്കുന്ന സാധനം ആകാശത്തു നിന്നും റോഡിലേക്കു പതിച്ചത്. ജോസഫ് എന്നയാൾ ഓട്ടോറിക്ഷയിൽ വരുന്നതിനിടെയായിരുന്നു സംഭവം. സംശയം തോന്നി ഇറങ്ങി നോക്കിയപ്പോൾ ഒരു കൈവെള്ളയിൽ ഒതുങ്ങുന്ന വലിപ്പത്തിൽ കല്ലിനോട് സദൃശ്യമായ സാധനം കണ്ടെത്തി.  കാലുകൊണ്ട് തട്ടിനോക്കിയപ്പോൾ വലിയ ഭാരം അനുഭവപ്പെട്ടതോടെ പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

ഒന്നര കിലോ ഭാരമുള്ള സാധനമാണ് ഭൂമിയിലേക്ക് വീണത്.  ജില്ലാ കളക്ടർ അറിയിച്ചതിനെ തുടർന്ന്  ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള മൂന്ന് ഭൗമശാസ്ത്രജ്ഞരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.  ഉൽക്കയാണെങ്കിൽ നിലത്ത് പതിക്കുമ്പോൾ ആഴത്തിലുള്ള കുഴി ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണിവർ പറയുന്നത്. എന്നാൽ വസ്തു വീണ സ്ഥലത്ത് ഒരു സെന്റീമീറ്റർ പോലും ആഴമില്ലാത്ത കുഴിയാണ് ഉള്ളത്.  അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചെത്തുന്നതിനാൽ ചൂടുമുണ്ടാവും.  സാഹചര്യ തെളിവുകൾ വച്ച് ഉൽക്കയല്ലെന്നാണ് നിഗമനം. സംശയം ഇല്ലാതാക്കുന്നതിന് ലാബിൽ വിശദമായ പരിശോധ നടത്തും. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കൊൽക്കൊത്തയിലെ ലാബിലേക്കാണ്  പരിശോധനക്ക് അയക്കുന്നത്.

 

Follow Us:
Download App:
  • android
  • ios