സഞ്ചാരികൾ ഇല്ലാതായതോടെ ചോക്ലേറ്റും സുഗന്ധവ്യഞ്ജനങ്ങളും തേയിലയും വിറ്റ് ഉപജീവനം നടത്തുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി

ഇടുക്കി: പ്രളയക്കെടുതിയിൽ മൂന്നാർ തകർന്നതോടെ നഷ്ടം വന്നത് ആയിരത്തിയഞ്ഞൂറിലധികം വ്യാപാരികള്‍ക്കു കൂടിയാണ്. സഞ്ചാരികൾ ഇല്ലാതായതോടെ ചോക്ലേറ്റും സുഗന്ധവ്യഞ്ജനങ്ങളും തേയിലയും വിറ്റ് ഉപജീവനം നടത്തുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി. കാലാവസ്ഥ അനുകൂലമായി സഞ്ചാരികളെത്തിത്തുടങ്ങിയതോടെ വ്യാപാരികൾക്കും പ്രതീക്ഷയുടെ കാലമാണ്. 

മൂന്നാര്‍ ബസാറിലെ ശിവ ആറുവര്‍ഷമായി ഇവിടെ ചോക്ലേറ്റ് കട നടത്തുന്നു. ഇത്തവണയുണ്ടായപോലെ തിരിച്ചടി മുന്പുണ്ടായിട്ടില്ല. ഓണവും കുറിഞ്ഞിക്കാലവും കണക്കാക്കിയാണ് കൂടുതല്‍ ചോക്ലേറ്റ് ഉണ്ടാക്കാന്‍ സാധനങ്ങള്‍ കരുതിയത്. കടയില്‍ കൂടുതല്‍ ചരക്കെത്തിക്കുകയും ചെയ്തു. പ്രളയം വന്ന് ആളൊഴി‌ഞ്ഞതോടെ തിരക്കുള്ള ബസാര്‍ കാലിയായി. ഒരുമാസത്തെ നഷ്ടം നാലു ലക്ഷത്തിലധികം രൂപയുടേത്. ശിവയെപ്പോലെ ആയിരത്തിയഞ്ഞൂറ് വ്യാപാരികളാണ് ഈ ചെറു പട്ടണത്തില്‍ സഞ്ചാരികളെക്കൊണ്ടു മാത്രം ജീവിക്കുന്നത്.

പ്രതിമാസം അ‍ഞ്ച് ലക്ഷത്തിനും മുപ്പത് ലക്ഷത്തിനുമിടയില്‍ വ്യാപാരം നടക്കുന്ന കടകളാണ് മൂന്നാറിലുള്ളത്. ഇവിടെയുണ്ടാക്കുന്ന ചോക്ലേറ്റിനു പുറമെ സുഗന്ധ വ്യഞ്ജനങ്ങളും തേയിലയും കാപ്പിപ്പൊടിയുമാണ് സഞ്ചാരികള്‍ വീട്ടിലേക്ക് കൊണ്ടു പോയിരുന്നത്. മൂന്നാറിന്‍റെ ഹൃദയം തകര്‍ത്താണ് മുതിരപ്പുഴയാറിലെ പ്രളയമെത്തിയത്. പഴയ മൂന്നാറില്‍ പതിനഞ്ച് കടകള്‍ക്ക് സന്പൂര്‍ണ നാശമുണ്ടായി. പലരും ഇന്നും കട തുറന്നിട്ടില്ല. തുറന്നവര്‍ ആദ്യം മുതല്‍ തുടങ്ങുകയാണ്.