ഇടുക്കി: കളക്ട്രേറ്റ് ഡോര്‍മെറ്ററിയില്‍ താമസക്കാര്‍ മദ്യപിച്ച് ഏറ്റുമുട്ടി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഒന്നിച്ച് മദ്യപിച്ച ശേഷമുണ്ടായ വാക്കു തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അവിവാഹിതരായ ജീവനക്കാർ മാത്രം താമസിക്കുന്ന ഡോർമെറ്ററിയിലാണ് സംഭവം. വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പ്രകോപിതനായ ജീവനക്കാരനില്‍ ഒരാള്‍ കൂടെയുണ്ടായ മറ്റൊരാളെ കുത്താന്‍ ശ്രമിച്ചു. ഇടതുപക്ഷ യൂണിയനിൽ പെട്ടവരാണ് പരസ്പരം ഏറ്റുമുട്ടിയത്. കളക്ട്രേറ്റിലെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരനും സംഘത്തിൽ ഉണ്ടെന്നാണ് വിവരം.
പാലക്കാട് സ്വദേശിയായ ജീവനക്കാരൻ പതിവായി ഡോര്‍മെറ്ററിയില്‍ മദ്യം വിളമ്പാറുണ്ട്. മിലിട്ടറി ക്യാന്‍റീനില്‍ നിന്ന് ലഭിക്കുന്ന മദ്യമാണ് ഇയാള്‍ താമസസ്ഥലത്ത് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ എത്തിച്ച മദ്യം വിളമ്പുന്നതിനിടയിലാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നതും തുടര്‍ന്ന് അടിപിടി നടന്നതും. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ജീവനക്കാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതായാണ് വിവരം. സംഭവം ഒതുക്കി തീര്‍ക്കാന്‍ യൂണിയന്‍ നേതാക്കളുടെ ഭാഗത്തു നിന്നും ശ്രമം നടക്കുന്നുണ്ട്.
