Asianet News MalayalamAsianet News Malayalam

ഇടുക്കി  അണക്കെട്ട് ജലസംഭരണി കയ്യേറി റിസോര്‍ട്ട് നിര്‍മ്മാണം

idukki dam encroachment
Author
New Delhi, First Published Jul 3, 2016, 3:38 AM IST

ഇടുക്കി: അണക്കെട്ടിന്‍റെ ജലസംഭരണി  കയ്യേറി  സ്വകാര്യ  വ്യക്തിയുടെ റിസോർട്ട്  നിർമാണം.  അഞ്ചുരുളി  വിനോദ  സഞ്ചാര  കേന്ദ്രത്തിലെ  ഗാന്ധി  നഗറിനു  സമീപത്താണ്  ഈ  അനധികൃത  നിർമ്മാണം  നടത്തുന്നത്.  മാസങ്ങളായി  നടക്കുന്ന  നിർമ്മാണം  തടയാൻ  വൈദ്യുതി  ബോർഡ്  നടപടിയൊന്നുമെടുക്കുന്നില്ല.

ഇടുക്കി  അണക്കെട്ടിൻറെ  സംഭരണി  കയ്യേറി  അഞ്ചുരുളിക്കു  സംമീപം  നാലു  നിലയിലുള്ള  കെട്ടിടത്തിൻറെ  നിർമ്മാണമാണ്  പുരോഗമിക്കുന്നത്.  നാലാമത്തെ  നിലയുടെ  നിർമ്മാണമാണ്  ഇപ്പോൾ  നടക്കുന്നത്.  ജലനിരപ്പ്  പരമാവധി  സംഭരണ  ശേഷിയോട്  അടുത്താൽ  കെട്ടിടത്തിൻറെ  അടിയിലത്തെ  നിലയുടെ  വരാന്തയിൽ  നിന്നും  വെള്ളം  കൈകൊണ്ടു  കോരിയെടുക്കാവുന്ന  തരത്തിലാണ്  പണിതിരിക്കുന്നത്.  

പരമാധി  സംഭരണ  ശേഷിയിൽ  നിന്നും  പതിനഞ്ചു  മീറ്റർ  അകലെ  മാത്രമേ  സർക്കാർ  ഏജൻസികൾ  പോലും  നിർമ്മാണം  നടത്താവുയെന്നാണ്  ചട്ടം.  എന്നാൽ  ഇതിൻറെ  നഗ്നമായ  ലംഘനമാണിവിടെ  നടന്നിരിക്കുന്നത്.  പത്തു  ചെയിനിൽ  പെട്ട  ഈ  ഭാഗത്തെ  കർഷകർക്ക്  പട്ടയം  നൽകുന്നതിനു  പോലും  എതിരു  നിൽക്കുന്ന  കെഎസ്ഇബി  സംരക്ഷിത  മേഖലയിൽ  നടക്കുന്ന  വൻകിട  നിർമ്മാണം  കണ്ടില്ലെന്നു  നടിക്കുകയാണ്. 

നാലു നില കെട്ടിടത്തിനു പുറമെ  മറ്റു  രണ്ടു  ചെറിയ  കെട്ടിടങ്ങളുടെ  നിർമ്മാണവും  ഇവിടെ  നടക്കുന്നുണ്ട്.  വൈദ്യുതി  ബോർഡിൻറെ  നിയന്ത്രണത്തിലുള്ള  സ്ഥലത്ത്  അനധികൃതമായി  നിർമ്മിച്ചിരിക്കുന്ന  കെട്ടിടത്തിലേക്ക് 11 കെവി  ലൈൻ  വലിച്ച് കറണ്ടു നൽകിയിരിക്കുന്നത് കെഎസ്ഇബി  തന്നെയാണ്.  

സ്ഥലത്തു നിന്നിരുന്ന വന്മരങ്ങൾ മുറിച്ചതിൻറെ കുറ്റികളും ഇവിടെ  കാണാനായി. വിവിധ വകുപ്പുകളുടെ  മൗനാനുവാദത്തോടെയാണ് ഇടുക്കി  അണക്കെട്ടിൻ സംഭരണ ശേഷിക്കു തന്നെ ഭീഷണിയുയർത്തി ഈ വൻകിട  നിർമ്മാണ പ്രവർത്തനങ്ങൾക്ക് നടക്കുന്നത്.

Follow Us:
Download App:
  • android
  • ios