തടസങ്ങള്‍ മൂലം നദിയിലെ ഒഴുക്ക് വഴിമാറുമോ എന്ന് സംശയം. ഒഴുക്ക് തടസപ്പെടുത്തി ചെറുതോണിയിൽ തടയണ. നദിയിൽ പലയിടത്തും കൃഷിയും നടത്തുന്നു.
ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കാനിരിക്കെ ചെറുതോണി മുതൽ പെരിയാറിലുള്ള തടസങ്ങൾ വെള്ളത്തിന്‍റെ ഒഴുക്കിനെ ബാധിക്കുമോ എന്ന് ആശങ്ക. ജില്ലാ ഭരണകൂടം പെരിയാറിൽ ചാല് കീറുന്നുണ്ടെങ്കിലും തടയണ ഉൾപ്പെടെയുള്ളവ മൂലം വെള്ളത്തിന്‍റെ ഒഴുക്ക് വഴിമാറുമോ എന്നാണ് സംശയം.
അണക്കെട്ടിൽ നിന്ന് കാൽകിലോമീറ്റർ മാത്രം അകലെയാണ് ചെറുതോണി ടൗൺ. ഷട്ടറിൽ നിന്ന് വെള്ളം പതിക്കുന്ന സ്ഥലം മുതൽ ബസ് സ്റ്റാൻഡ് വരെ പെരിയാറിന് വീതിയുണ്ട്. എന്നാൽ സ്റ്റാൻഡിന് തൊട്ട് മുന്‍പായി കെട്ടിയിരിക്കുന്ന തടയണ നദിയുടെ വീതി കുറയ്ക്കുന്നു. ആദ്യകാലത്ത് ബോട്ടിംഗ് അടക്കമുള്ളവ ഉണ്ടായിരുന്നെങ്കിലും തടയണ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നില്ല.
ചെറുതോണി പാലത്തിന്‍റെ അടിയിലെ സ്ഥലങ്ങൾക്കും വീതി കുറഞ്ഞിരിക്കുന്നു. നദിയിൽ അവിടവിടെയായി കെട്ടിടങ്ങളും ഉയർന്നിട്ടുണ്ട്. പെരിയാറിലെ തടസങ്ങളെല്ലാം ഒഴിവാക്കി വെള്ളം നിർബാധം കടത്തിവിടുമെന്ന ജില്ല ഭരണകൂടത്തിന്‍റെ വാക്ക് വിശ്വസിക്കുകയാണ് ജനങ്ങൾ. തടസങ്ങൾ മാറ്റാൻ നടപടിയുണ്ടായില്ലെങ്കിൽ ചെറുതോണിയും നദീതീരത്തെ വീടുകളും വെള്ളത്തിൽ മുങ്ങുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
