ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2,395 അടിയിലെത്തിയതോടെയാണ് കെഎസ്ഇബി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മഴ കുറഞ്ഞാല്‍ ഡാം തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

ചെറുതോണി: ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2,395 അടിയിലെത്തിയതോടെയാണ് കെഎസ്ഇബി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മഴ കുറഞ്ഞാല്‍ ഡാം തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ഇനി എട്ട് അടി മാത്രമാണ് കുറവ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ കണ്‍ട്രോള്‍ റൂം തുറന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. അതേസമയം ജാഗ്രതാനിര്‍ദ്ദേശം സാങ്കേതിക നടപടിക്രമം മാത്രമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. വൃഷ്‌ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായിട്ടുണ്ട്.

മഴ വീണ്ടും ശക്തമായി ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി ജില്ലാ ഭരണകൂടം പ്രദേശവാസികള്‍ക്ക് നോട്ടീസ് നല്‍കി. ചെറുതോണി മുതല്‍ പനങ്കുട്ടി വരെയുള്ള പെരിയാറിന്റെ തീരത്തുള്ള നൂറോളം കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയും ഇടുക്കിയിലെത്തിയിട്ടുണ്ട്. റവന്യൂ, കെഎസ്ഇബി, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവ‍ര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.