ഇടുക്കി: ഇടുക്കിയില്‍ കഞ്ചാവ് തോട്ടം നശിപ്പിച്ചു. ഒരേക്കറിലായി കൃഷിചെയ്ത കഞ്ചാവ് തോട്ടം എക്‌സൈസ് സംഘം കണ്ടെത്തി. പൂപ്പാറ ബോഡിമെട്ട് തലക്കുളം ഭാഗത്താണ് വനത്തിനുള്ളില്‍ കഞ്ചാവ് തോട്ടമുണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം കഞ്ചാവ് തോട്ടം കണ്ടെത്തിയത്. 

കഞ്ചാവ് വേര്‍തിരിച്ചെടുക്കാന്‍ പാകമായ 44 ചെടികളാണ് കണ്ടെത്തിയത്. ഇവ വെട്ടി നശിപ്പിച്ചു. കൃഷി ചെയ്തതാണ് എന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഇവിടെക്ക് ജലസേചന സൗകര്യങ്ങളും ഒരുക്കിയിരുന്നു.വിപുലമായ കൃഷിയാണ് നടത്തിയിട്ടുള്ളത് എന്നാണ് വിവരം. 

നേരത്തെ കഞ്ചാവ് കൃഷി വ്യാപകമായിരുന്നു സ്ഥലമാണ് ഇവിടം. നിരന്തരമായ പരിശോധനകളും നടപടികളും കൊണ്ട് ഈ മേഖലയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ എക്‌സൈസിനും വനംവകുപ്പിനും സാധിച്ചിരുന്നു. വീണ്ടും കഞ്ചാവ് കൃഷി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനും നിരീക്ഷണം തുടരാനുമാണ് അധികൃതരുടെ തീരുമാനം.