ഇടുക്കി മെഡിക്കല്‍ കോളേജ് വീണ്ടും തുടങ്ങാൻ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി, മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി. ഡോക്ടര്‍മാരെ സ്ഥലം മാറ്റിത്തുടങ്ങി.
തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളേജ് വീണ്ടും തുടങ്ങാൻ സര്‍ക്കാര്‍ നടപടി തുടങ്ങി. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്ക് പിന്നാലെ കൂടുതല്‍ ഡോക്ടര്‍മാരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിത്തുടങ്ങി. പക്ഷേ പരിസ്ഥിതി ലോല പ്രദേശത്തെ പ്രവര്‍ത്തനങ്ങളിൽ അവ്യക്തത തുടരുകയാണ്.
അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയായിരുന്നു ഇടുക്കി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിയത്. അസൗകര്യങ്ങള്‍ കണ്ടെത്തിയതോടെ മെഡിക്കല്‍ കൗണ്‍സിൽ അംഗീകാരം റദ്ദാക്കി. തുടര്‍ന്ന് രണ്ട് ബാച്ചുകളിലായി പ്രവേശനം നേടിയ 100 കുട്ടികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി. ഡോക്ടര്‍മാരെയും മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി നിയമിച്ചു.
യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ മെഡിക്കല്‍ കോളജിൻറെ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ ഇടത് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പ്രാദേശിക എതിര്‍പ്പുകള്‍ തുടര്‍ന്നതിനാല്‍ കോളേജ് വീണ്ടും തുടങ്ങാൻ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ആശുപത്രിയുടെ നവീകരണം തുടങ്ങി. രണ്ട് അക്കാദമിക് ബ്ലോക്കുകള്‍ പണിതീര്‍ത്തു. ഹോസ്റ്റലിന്‍റേയും ക്വാര്‍ട്ടേഴ്സുകളുടേയും പണി നടക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി കോളേജ് വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഒന്നാം വര്‍ഷ പ്രവേശനം നത്തുന്നതിനുള്ള പ്രാഥമിക പണികള്‍ പൂര്‍ത്തിയാക്കിയെന്നാണ് ആരോഗ്യവകുപ്പിൻറെ വിശദീകരണം. ഒപ്പം ഡോക്ടര്‍മാരെ സ്ഥലം മാറ്റം വഴി നിയമിച്ചു തുടങ്ങി. വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ മറ്റിടങ്ങളില്‍ ജോലി ചെയ്തിരുന്നവരേയും ഇടുക്കിയിലേക്ക് തിരിച്ചയച്ചു. അതേസമയം പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മാണത്തിനടക്കം അനുമതി കിട്ടാത്ത സാഹചര്യത്തില്‍ ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തുമെന്നതില്‍ വ്യക്തതയില്ല.
