തൊടുപുഴ കമ്പക്കാനത്ത് അച്ഛനും അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ കൂട്ടക്കൊലയ്‌ക്കിരയായ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പരിചയക്കാരിലേക്ക്. വീടിന്റെ വാതിൽ തകർക്കാത്തതിനാൽ അടുപ്പക്കാരായിരിക്കാം എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിലേക്ക് നയിച്ചത് ആഭിചാരക്രിയകളെക്കുറിച്ചുള്ള തർക്കമെന്നും പൊലീസ് നിഗമനം.  

ഇടുക്കി: തൊടുപുഴ കമ്പക്കാനത്ത് അച്ഛനും അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ കൂട്ടക്കൊലയ്‌ക്കിരയായ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പരിചയക്കാരിലേക്ക്. വീടിന്റെ വാതിൽ തകർക്കാത്തതിനാൽ അടുപ്പക്കാരായിരിക്കാം എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിലേക്ക് നയിച്ചത് ആഭിചാരക്രിയകളെക്കുറിച്ചുള്ള തർക്കമെന്നും പൊലീസ് നിഗമനം. മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആര്‍ഷ, ആദര്‍ശ് എന്നിവരുടെ മൃതദേഹങ്ങളാണ് ബുധാനാഴ്ച വീടിന് പിന്നിലെ കുഴിയില്‍ നിന്ന് കണ്ടെത്തിയത്. 

ആഭിചാരക്രിയകളെക്കുറിച്ചുള്ള തർക്കമെന്ന നിഗമനത്തിൽ പൊലീസ്. പ്രദേശത്ത് അടുത്തിടെ ഉണ്ടായ അസ്വഭാവിക മരണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളമായുള്ള സ്വത്ത് തർക്കവും അന്വേഷണ പരിധിയിലാണ്. ആദ്യഘട്ടത്തിൽ കൃഷ്ണന്‍റെയും കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ ദിവസങ്ങളിൽ കൃഷ്ണന്‍റെ വീട്ടിലെത്തിയവരെയും പൊലീസ് തെരയുന്നുണ്ട്. കൃഷ്ണൻ ആഭിചാരക്രിയകൾ നടത്തിയിരുന്നെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട തകർക്കമാകാം കൊലപാതകത്തിന് പിന്നിലെന്ന സംശയത്തെ തുടർന്ന് ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അതേസമയം, ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് വൈകീട്ട് വീട്ട് വളപ്പിൽ സംസ്കരിക്കും. മൂന്ന് ദിവസമായി കൃഷ്ണന്‍റെ വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ബന്ധുക്കളും അയൽവാസികളും രാവിലെ അന്വേഷിച്ചെത്തിയപ്പോൾ തറയിൽ രക്തവും ഭിത്തിയിൽ രക്തം തെറിച്ച് പാടുകളും കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ വീടിന് പുറകിലെ കുഴിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒന്നിന് മുകളിൽ മറ്റൊന്നായി അടുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കൃഷ്ണന്‍റെയും അർജുന്‍റെയും തലയ്ക്ക് അടിയേറ്റിട്ടുണ്ട്. സുശീലയുടെയും ആർഷയുടെയും ശരീരത്തിൽ നിരവധി മുറിവുകളുണ്ട്.

അയൽക്കാരും ബന്ധുക്കളുമായി അടുപ്പമില്ലാതിരുന്ന കൃഷ്ണൻ ആഭിചാര ക്രിയകൾ നടത്തിയിരുന്നതായി നാട്ടുകാ‍ർ പറഞ്ഞു. രാത്രിയിലും പൂജകൾക്കായി നിരവധി പേർ വീട്ടിൽ എത്തിയിരുന്നു. മൃതദേഹങ്ങൾ കുഴിച്ചിട്ടിന് സമീപത്ത് നിന്ന് ഒരു കത്തിയും ചുറ്റികയും കണ്ടെടുത്തു. ഇൻക്വിസ്റ്റ് പൂ‍ർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിനാണ് കേസിന്‍റെ അന്വേഷണ ചുമതല.