ഇടുക്കി: കട്ടപ്പനയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീട് കുത്തിതുറന്ന് അകത്ത് കയറിയ മുഖം മൂടിധാരികള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി 15 പവന്‍ സ്വര്‍ണ്ണഭരണങ്ങള്‍ മോഷ്‌ടിച്ചു. അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍, ജോജി ജോസഫിന്റെ ഭാര്യ ജോളിയെ കമ്പിവടി കാട്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കട്ടപ്പന പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്തെ വീട്ടിലാണ് നാടിനെ നടുക്കിയ മോഷണം നടന്നത്.

ജോളിയുടെ കൈയ്യിലും കഴുത്തിലും ധരിച്ചിരുന്ന സ്വണ്ണാഭരണങ്ങളും കമ്മലും ഭീഷണിപ്പെടുത്തി ഊരി വാങ്ങിയ മോഷ്‌ടാക്കള്‍ അലമാരയുടെ താക്കോല്‍ കൈവശപ്പെടുത്തി അതില്‍ ഉണ്ടായിരുന്ന കുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു രക്ഷപ്പെടുകയായിരുന്നു.ജോജിയുടെ ഭാര്യ ജോളിയും പിതാവ് പാപ്പച്ചനും മാത്രമാണ് വിട്ടില്‍ ഉണ്ടായിരുന്നത്.

വീടിന്റെ പിന്‍വശത്തെ കതക് കുത്തിതുറന്ന് അകത്ത് കയറിയ രണ്ട് മോഷ്‌ടാക്കളില്‍ ഒരാള്‍ മുഖം തുണികൊണ്ട് മറച്ചിരുന്നു. വീട്ടിനുള്ളില്‍ കയറിയ മോഷ്‌ടാക്കള്‍ ജോളി കിടന്നിരുന്ന മുറി കുത്തിതുറന്ന് അകത്ത് കയറി. മോഷ്‌ടാക്കളെ കണ്ട് ഭയന്ന ജോളി മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. ഫോണ്‍ പിടിച്ചു വാങ്ങിയ മോഷ്‌ടാവ് ശബദിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരി വാങ്ങുകയായരുന്നു.

ഈ സമയമെല്ലാം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ജോജിയുടെ പിതാവ് പാപ്പച്ചന്‍ ഈ സംഭവം അറിഞ്ഞില്ല. പുലര്‍ച്ചെ ആറ് മണി യോടെ ഉണര്‍ന്ന പാപ്പച്ചന്‍ ജോളിയെ കാണാതെ അന്വേഷിച്ച് മുറിയിലെത്തി.പുറത്ത് പൂട്ടിയിരിക്കുന്നത് കണ്ട് ഓടാമ്പല്‍ നീക്കി തട്ടി വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലെത്തി വിവരം ജോജിയെ അറിയിയ്‌ക്കുകയായിരുന്നു.

കട്ടപ്പന സി.ഐ. അനില്‍കുമാര്‍, എസ്.ഐ. മുരുകന്‍ എന്നിവരുടെ നേതത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇടുക്കിയില്‍ നിന്ന് വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി. മോഷണം നടന്ന വീടിന് സമീപ പ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു വരുകയാണ്. മോഷ്‌ടാക്കള്‍ വലിച്ചെറിഞ്ഞ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന് പോലീസ് കണ്ടെടുത്ത. അഭരണങ്ങള്‍ എടുത്ത ശേഷം വലിച്ചെറിഞ്ഞ ഡപ്പികളും വീടിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു.