ദില്ലി: കേന്ദ്ര ഭരണത്തെ ശക്തമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരില്‍ രാജ്യത്ത് ഇന്ന് നടന്ന്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളിലും കയ്യേറ്റങ്ങളിലും ഉള്ള തന്‍റെ അസംതൃപ്തി തുറന്നുപറയുകയാണ് പ്രകാശ് രാജ്. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനെ ശക്തമായി നടന്‍ വിമര്‍ശിച്ചത്. മതത്തിന്‍റെയോ സംസ്ക്കാരത്തിന്‍റെയോ സദാചാരത്തിന്‍റെയോ പേരില്‍ വ്യക്തികളില്‍ സൃഷ്ടിക്കുന്ന ഭയം തീവ്രവാദമല്ലാതെ പിന്നെന്താണ് എന്നാണ് പ്രകാശ് രാജിന്‍റെ ചോദ്യം.
ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രിക്ക് എതിരെ പ്രകാശ് രാജ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ നടക്കുന്ന ആഘോഷങ്ങളെ പ്രധാനമന്ത്രി കണ്ടിട്ടും കാണാത്തപോലെ നടിക്കുകയാണെന്നാണ് പ്രകാശ് രാജ് അന്ന് പറഞ്ഞത്. വലുതുപക്ഷ ഹൈന്ദവ തീവ്രവാദം രാജ്യത്തുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് കമലഹാസന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രകാശ് രാജിന്‍റെ പോസ്റ്റും.
