സ്വാര്‍ഥനായ നെഹ്റു തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞു. ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ വിഭജനം നടക്കില്ലായിരുന്നുവെന്നും ദലെെലാമ പറഞ്ഞു

പനാജി: ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രണ്ടായി പിരിഞ്ഞ രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. അതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ യൂണിയന്‍റെ നേതൃത്വം ഏറ്റെടുത്തപ്പോള്‍ മുഹമ്മദ് അലി ജിന്നാ പാക്കിസ്ഥാന്‍റെ പ്രഥമ ഗവര്‍ണറായി. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളുടെയും വിഭജനം സംബന്ധിച്ച് പുതിയ വിവാദങ്ങള്‍ തലപൊക്കുകയാണ്.

ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലെെലാമ ഗോവയില്‍ പങ്കെടുത്ത ചടങ്ങില്‍ പറഞ്ഞ ചില കാര്യങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മുഹമ്മദ് അലി ജിന്നാ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും വേര്‍പിരിയില്ലായിരുന്നുവെന്നാണ് ടിബറ്റര്‍ ആചാര്യന്‍ പറഞ്ഞതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാത്മ ഗാന്ധിക്ക് ജിന്നയെ പ്രധാനമന്ത്രിയാക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, നെഹ്റു അത് സമ്മതിച്ചില്ല. തെറ്റുകള്‍ എങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്നുള്ള ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ലാമ പറഞ്ഞത്. സ്വാര്‍ഥനായ നെഹ്റു തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞു. ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ വിഭജനം നടക്കില്ലായിരുന്നുവെന്നും ദലെെലാമ പറഞ്ഞു.