ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായ ബലാത്സംഗക്കേസിലെ മുഖ്യസാക്ഷി സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാനാണ് സിഎംഐയുടെ വൈദികന്‍ ഫാദര്‍ ജെയിംസ് എര്‍ത്തയിൽ  ശ്രമിച്ചത്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കാമെന്നും ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നുമാണ് ഫോണിലൂടെ വൈദികന്‍ സിസ്റ്ററോട് പറഞ്ഞത്.

കൊച്ചി:ജലന്ധർ രൂപതയുടെ വാഗ്ദാനങ്ങളിൽ വീണുപോകില്ലെന്ന് സിസ്റ്റർ അനുപമയുടെ കുടുംബം. വാഗ്ദാനം നൽകിയ വൈദികന് പിന്നിൽ ആളുകളുണ്ടെന്ന് സിസ്റ്റർ അനുപമയുടെ അച്ഛൻ വർഗീസ് പറഞ്ഞു. കേസന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കന്യാസ്ത്രീക്ക് മടങ്ങി വരേണ്ട ഗതികേടുണ്ടായാൽ സംരക്ഷിക്കുമെന്നും വർഗീസ് വ്യക്തമാക്കി. 

ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായ ബലാത്സംഗക്കേസിലെ മുഖ്യസാക്ഷി സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാനാണ് സിഎംഐയുടെ വൈദികന്‍ ഫാദര്‍ ജെയിംസ് എര്‍ത്തയിൽ ശ്രമിച്ചത്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കാമെന്നും ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നുമാണ് ഫോണിലൂടെ വൈദികന്‍ സിസ്റ്ററോട് പറഞ്ഞത്. ഫോണ്‍ സന്ദേശം പൊലീസിന് കൈമാറുമെന്ന് സിസ്റ്ററുടെ വീട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായ കേസ് ഒതുക്കിത്തീർക്കാൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധർ രൂപത അറിയിച്ചു. കന്യാസ്ത്രീയുമായി സംസാരിച്ച വൈദികന് സഭയുമായി യാതൊരു ബന്ധവുമില്ല. കേസ് നിയമത്തിന്‍റെ വഴിയിലൂടെ പോകണമെന്നാണ് സഭയുടെ ആഗ്രഹമെന്നും ജലന്ധർ രൂപതാ ചാൻസലർ ഫാ. ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.