Asianet News MalayalamAsianet News Malayalam

'മലമുകളിലെ ആശയ യുദ്ധത്തിന് അത്യാധുനിക രീതികള്‍'; ഭക്തർക്ക് വാക്കിടോക്കികളുമായി രാഹുല്‍ ഈശ്വര്‍

ചിരപുരാതനമായ സംസ്കാരത്തെ സംരക്ഷിക്കാന്‍ അത്യാധുനിക ടെക്നോളജിയുടെ സമന്വയമായിരിക്കും ശബരിമലയില്‍ സ്വീകരിക്കുകയെന്ന് അയ്യപ്പധര്‍മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍.

if police permits will use Walkie Talkie for better communication in sabarimala says Rahul Easwar
Author
Thiruvananthapuram, First Published Oct 26, 2018, 10:10 PM IST

തിരുവനന്തപുരം : ചിരപുരാതനമായ സംസ്കാരത്തെ സംരക്ഷിക്കാന്‍ അത്യാധുനിക ടെക്നോളജിയുടെ സമന്വയമായിരിക്കും ശബരിമലയില്‍ സ്വീകരിക്കുകയെന്ന് അയ്യപ്പധര്‍മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. ആശയ വിനിമയത്തിനായി അയ്യപ്പ ഭക്തര്‍ക്ക് വാക്കി ടോക്കി വിതരണം ചെയ്യുമെന്നും മുസ്‌‌ലിം, ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും  നേരത്തെ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ രാഹുല്‍ വിശദമാക്കിയിരുന്നു.

വോക്കി ടോക്കികള്‍ ലൈസന്‍സുള്ളവരില്‍ നിന്ന് വാടകയ്ക്ക് എടുക്കുമെന്നും തികയാതെ വന്നാല്‍ വാങ്ങുമെന്നും രാഹുല്‍ ഈശ്വര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് വാക്കി ടോക്കികള്‍ ഉപയോഗിച്ചിരുന്നുവെന്നും രാഹുല്‍ വിശദമാക്കി. ശബരിമല റെയ്ഞ്ചും കണക്ടിവിറ്റിയും വളരെ കുറവുള്ള ഒരു പ്രദേശമാണ്. വിവരങ്ങൾ പല സ്ഥലങ്ങളിലുമുണ്ടായിരുന്ന ഭക്തരിലേക്ക് എത്തിക്കുന്നതിൽ പാളിച്ചകൾ പറ്റിയിരുന്നു. അതിനാലാണ് കൂടുതല്‍ വാക്കി ടോക്കികള്‍ ഇത്തവണ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. 

if police permits will use Walkie Talkie for better communication in sabarimala says Rahul Easwar

തെറ്റായ വാര്‍ത്തകളുൾപ്പെടെ പ്രചരിക്കുന്ന സാഹചര്യത്തിൽ വാക്കിടോക്കികൾ ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. പൂര്‍ണമായും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും ഇവ ഉപയോഗിക്കുക. തുലാമാസ പൂജകള്‍ക്ക് നട തുറന്ന സമയത്ത് അയ്യപ്പധര്‍മ സേനയ്ക്കായി വാക്കി ടോക്കി ഉപയോഗിക്കാന്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്നും രാഹുല്‍ വിശദമാക്കുന്നു.

നവംബര്‍ രണ്ടിന് വീണ്ടും അനുമതി തേടുമെന്നും അയ്യപ്പധര്‍മ സേനയുടെ മുഴുവന്‍ പദ്ധതിയും പൊലീസിന് വിശദമായി എഴുതി നല്‍കിയ ശേഷമാവും പോവുകയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരം ഉളളവയാണ് ഈ വാക്കി ടോക്കികള്‍. ഒന്നര കിലോമീറ്റര്‍ മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ആശയ കൈമാറ്റം സാധ്യമാക്കാന്‍ ശേഷിയുള്ളവയാണെന്നും രാഹുല്‍ വിശദമാക്കുന്നു. 

പൊലീസിന് വേണമെങ്കില്‍ ഇത് ടാപ്പ് ചെയ്യുന്നതില്‍ അയ്യപ്പധര്‍മ സേനയ്ക്ക് ഒരു എതിര്‍പ്പും ഇല്ലെന്നും രാഹുല്‍ വ്യക്തമാക്കി. മരക്കൂട്ടം, നിലയ്ക്കല്‍, പമ്പ തുടങ്ങിയ ഇടങ്ങളില്‍ ആശയ കൈമാറ്റം ചെയ്യാന്‍ വാക്കി ടോക്കി ഉപകരിക്കും. പൊലീസില്‍ നിന്ന് ഒന്നും ഒളിച്ച് വക്കാന്‍ ഇല്ല, അതു കൊണ്ട് തന്നെ പൊലീസിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇവ ഉപയോഗിക്കൂവെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. മലമുകളിലെ ആശയ യുദ്ധത്തിന് പോകുമ്പോള്‍ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായവും വേണമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Follow Us:
Download App:
  • android
  • ios