രാജ്യത്തെ ചെറുപാര്‍ട്ടികള്‍ ഒന്നിച്ചില്ലെങ്കില്‍ 2019 ന് ശേഷം തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍

മുംബൈ : രാജ്യത്തെ ചെറുപാര്‍ട്ടികള്‍ ഒന്നിച്ചില്ലെങ്കില്‍ 2019 ന് ശേഷം തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണ് ഇതെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. 2019 ല്‍ നടക്കാന്‍ പോവുന്ന ലോക്സഭാ ഇലക്ഷന്‍ മോദിയും കര്‍ഷകരും തമ്മിലാവുമെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. 

എന്റെ ജോലി രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുകയല്ല മറിച്ച് ആളുകളെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മറാത്താ മോര്‍ച്ചയുടെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ നാടകങ്ങള്‍ ആണെന്നും ഹാര്‍ദ്ദിക് പട്ടേല്‍ ആരോപിച്ചു. ഇത്തരം നാടകങ്ങളിലൂടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലാഭമുണ്ടാക്കുന്നുണ്ട്. ശിവാജി സ്മാരകം പണിയുന്നതിന് പകരം തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും ഹാര്‍ദ്ദിക് പറഞ്ഞു. 

കടങ്ങള്‍ എഴുതി തള്ളണമെന്നും പട്ടേല്‍ സമുദായത്തിന് ജോലി സംവരണവും ആവശ്യപ്പെട്ട് നിരാഹാര സമരം കഴിഞ്ഞ മാസം ആദ്യം നടത്തിയ അനിശ്ചിത കാല നിരാഹാര സമരം 19 ദിവസത്തിന് ശേഷം ഹാര്‍ദ്ദിക് അവസാനിപ്പിച്ചിരുന്നു.