മലപ്പുറം: മതമൈത്രിയുടെയും കൂട്ടായ്മയുടേയും വലിയ സന്ദേശം നല്‍കി ഒരു വിവാഹസത്കാരം. മങ്കടയ്ക്കടുത്ത് വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനയില്‍നടന്ന വിവാഹത്തിന്റെ സത്കാര ചടങ്ങ് നാടിനു 'നോമ്പുതുറ'യും ആഘോഷവുമായി. ശനിയാഴ്ചയായിരുന്നു ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കപ്പുറമാണു മനുഷ്യനന്മയെന്നു വിളിച്ചോതിയ വിവാഹ ചടങ്ങ്.
പൂങ്കുടില്‍ മനയില്‍ കുഞ്ഞുക്കുട്ടന്‍ നമ്പൂതിരിയുടേയും ഗായത്രിയുടേയും മകള്‍ ഡോ. വിഷ്ണു പ്രിയയും കോഴിക്കോട് പാടേരി മനയ്ക്കല്‍ നവീന്‍ ശങ്കറും തമമ്മിലുള്ള വിവാഹത്തിന്റെ സത്കാര ചടങ്ങാണ് അപൂര്‍വതകൊണ്ടു വ്യത്യസ്തമായത്. റംസാന്‍ നോമ്പ് ആയതിനാല്‍ മുസ്‌ലിം സഹോദരങ്ങളുടെ സൗകര്യംകൂടി കണക്കിലെടുത്ത് വിവാഹ സത്കാര ചടങ്ങ് നിശ്ചയിക്കുകയായിരുന്നു. മനയുടെ അടുത്തുള്ള ജുമാ മസ്ജിദില്‍നിന്ന് നോമ്പുതുറ ചടങ്ങുകള്‍ക്കു ശേഷം ആളുകല്‍ മനയിലേക്കെത്തി. മനയില്‍ത്തന്നെ നോമ്പുതുറന്നവരുമുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിവാഹം. അതിന്റെ തലേന്നായിരുന്നു മനയില്‍ സത്കാര ചടങ്ങ്. വിവാഹം ഈ സമയത്തുതന്നെ നടത്തേണ്ടിവന്നതിനാല്‍, സത്കാര ചടങ്ങുകള്‍ നോമ്പു അനുഷ്ഠിക്കുന്നവരുടെ ആചാരങ്ങള്‍ക്കു പരിഗണന നല്‍കി നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ആദ്യം ഓഡിറ്റോറിയത്തിലാണു ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും എല്ലാവരെയും പങ്കെടുപ്പിക്കുയെന്ന ലക്ഷ്യത്തില്‍ മനയിലേക്കുതന്നെ മാറ്റുകയായിരുന്നു.
