ദുബായ്: ദുബായില്‍ മരുഭൂമിക്ക് നടുവില്‍ ഒരു ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഓഫ് റോഡ് ഡ്രൈവിംഗ് ഹോബിയാക്കിയവരുടെ കൂട്ടായ്മയാണ് ഈ വ്യത്യസ്ത ഇഫ്താര്‍ സംഘടിപ്പിച്ചത്. കാറ്റടിച്ച് ഓരോ നിമിഷവും മണല്‍ക്കുന്നുകള്‍ മാറിക്കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെയാണ് ഒരു മരുഭൂമിയിലൂടെ ഒരാള്‍ക്ക് ഒന്നിലധികം തവണ യാത്ര ചെയ്യാന്‍ കഴിയില്ല എന്ന് പറയാറ്. മരുഭൂമിക്ക് നടുവിലൂടെ എല്ലാ ആഴ്ചയും വാഹനത്തില്‍ യാത്ര ചെയ്യുന്ന ഓഫ് റോഡ് കമ്യൂണിറ്റികള്‍ നിരവധിയുണ്ട് യു എ ഇയില്‍. മണല്‍യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍.

ഇവരെല്ലാം ഒത്ത് ചേരുന്നത് വര്‍ഷത്തില്‍ ഒരു തവണ. വലിയ ഇഫ്താര്‍ വിരുന്ന് ഒരുക്കി ദുബായിലെ താവി നിസ്‌വ മരുഭൂമിക്ക് നടുവില്‍. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നും ഈ ഇഫ്താറിന് ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവര്‍ എത്തുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഈ ഒത്തുചേരലുണ്ട്.

കൂടുതല്‍ ആളുകളെ പരിചയപ്പെടാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരം കൂടിയാണ് ഈ സംഗമം. ഇഫ്താര്‍ സംഗമത്തിന് ഒത്തുചേരുന്ന ഈ സ്ഥലം ഇപ്പോള്‍ അറിപ്പെടുന്നത് ഇഫ്താര്‍ ബൗള്‍ എന്ന്.

ഭക്ഷണം കഴിച്ച് സൊറ പറഞ്ഞിരിക്കുന്നതിനപ്പുറം വെടിക്കെട്ടുമെല്ലാമായി ആഘോഷത്തിലായിരുന്നു വിവിധ രാജ്യക്കാരായ ഈ സംഘം.