ഐജി എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഐജി തലത്തിലുളള അന്വേഷണം സനലിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: സനല്‍ വധം ക്രൈംബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും. ഐജി എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഐജി തലത്തിലുളള അന്വേഷണം സനലിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്‍റെ കുടുംബം നിവേദനം നല്‍കിയിരുന്നു. സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ചു. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, സംഭവത്തില്‍ ഡിവൈഎസ്പി ബി.ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയിലായി. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഈ ലോഡ്ജിലെത്തിയിരുന്നു. തുടര്‍ന്ന് സതീഷ് ഹരികുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഡിവൈഎസ്പിക്ക് സതീഷ് പുതിയ രണ്ട് സിം കാർഡുകൾ കൈമാറിയിരുന്നു. എന്നാല്‍ 7-ാം തീയതിക്ക് ശേഷം ഈ സിം കാർഡുകൾ പ്രവർത്തിക്കുന്നില്ല. സതീഷന്‍റെ ഡ്രൈവര്‍ രമേശിനെയും കൂട്ടിയാണ് ഹരികുമാര്‍ രക്ഷപ്പെട്ടത്. രമേശും ഇപ്പോഴും ഒളിവിലാണ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സതീഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
