Asianet News MalayalamAsianet News Malayalam

ഐഐടി വിദ്യാർത്ഥിനിക്ക് ഗൂഗിളിൽ ജോലി; ശമ്പളം 1.2 കോടി

തെലങ്കാന വികാറാബാദിലെ സ്നേഹ റെഡ്ഡിയാണ് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. 1.2 കോടി പ്രതിവർഷ ശമ്പളത്തിനാണ് സ്നേഹയെ ഗൂഗിൾ തിരെഞ്ഞടുത്തിരിക്കുന്നത്. 2008ല്‍ ഹൈദരാബാദിൽ ആരംഭിച്ച ഐഐടിയുടെ  ചരിത്രത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് സ്നേഹയ്ക്കാണ്.

iit hyderabad student bags rs 1.2 crore package with google
Author
Hyderabad, First Published Aug 8, 2018, 10:26 AM IST

ഹൈദരാബാദ്: ഐഐടിയിൽ നിന്നും ബിരുദം നേടിയ വിദ്യർത്ഥിനിക്ക് ഗൂഗിളിൽ ജോലി. തെലങ്കാന വികാറാബാദിലെ സ്നേഹ റെഡ്ഡിയാണ് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. 1.2 കോടി പ്രതിവർഷ ശമ്പളത്തിനാണ് സ്നേഹയെ ഗൂഗിൾ തിരെഞ്ഞടുത്തിരിക്കുന്നത്. 2008ല്‍ ഹൈദരാബാദിൽ ആരംഭിച്ച ഐഐടിയുടെ  ചരിത്രത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് സ്നേഹയ്ക്കാണ്. നേരത്തേ 40 ലക്ഷം രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ പ്രതിവർഷ ശമ്പളം  ലഭിച്ചിരുന്നത്.

ഗൂഗിളിന്റെ ഇന്റലിജന്‍സ് പ്രൊജക്ട് വിഭാഗത്തിലേക്കാണ് സ്നേഹയുടെ നിയമനം. മികച്ച വിദ്യാര്‍ത്ഥിനിക്കുളള പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും സ്നേഹ സ്വീകരിച്ചു. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സ്നേഹ നാല് സ്വര്‍ണ മെഡലുകള്‍ ഇതിനകം നേടി കഴിഞ്ഞു. ഗൂഗിള്‍ ഓണ്‍ലൈന്‍ വഴി നടത്തിയ നാല് പരീക്ഷകളിലും സ്നേഹ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

അമേരിക്കയിൽ നടത്താനിരുന്ന അവസാനഘട്ട പരീക്ഷയിൽ സ്നേഹക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മുമ്പ് നടന്ന പരീക്ഷകളിൽ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ചവെച്ചതിനെ തുടർന്ന് അവസാനഘട്ട പരീക്ഷയും ഗൂഗിൾ ഓൺലൈൻ വഴി നടത്തുകയായിരുന്നു. സ്നേഹയുടെ ബാച്ചിലെ തന്നെ  ഇബ്രാഹിം ദലാല്‍ എന്ന വിദ്യാര്‍ത്ഥിക്ക് 35 ലക്ഷം രൂപ പാക്കേജോടെയാണ് ഗൂഗിളില്‍ ജോലി ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ഐഐടിയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് മെഡല്‍ ലഭിച്ച വിദ്യാര്‍ത്ഥിയായിരുന്നു ഇബ്രാഹിം.  

കഴിഞ്ഞ മാസം ബെംഗളൂരുവില്‍ എംടെക് വിദ്യാര്‍ത്ഥിയായ 22കാരനെ ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ പലിവാലിനെ ആണ് അന്ന് ഗൂഗിള്‍ തിരഞ്ഞെടുത്തത്. 1.2 കോടി രൂപ തന്നെയായിരുന്നു ആദിത്യയുടെയും  പ്രതിവര്‍ഷ ശമ്പളം.

Follow Us:
Download App:
  • android
  • ios