ഖരഗ്പൂര്‍ ഐഐടി വിദ്യാര്‍ഥിയായ മലയാളി യുവാവ് മരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ ഹരിപ്പാട് ചാവടിയില്‍ നിധിയില്‍ നിതിനെയാണ് കോളജിലെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

എയറോസ്‌പേസ് എഞ്ചിനീയറിങ് അവസാന സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ഥിയായ നിതിന്‍ ആത്മഹത്യചെയ്തതാണെന്നാണ് സൂചന. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണ് നിതിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

 വെള്ളിയാഴ്ച അവസാന സെമസ്റ്റര്‍ പരീക്ഷയുണ്ടായിരുന്നു നിതിന്. പക്ഷെ പരീക്ഷ എഴുതാനെത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് സഹപാഠികള്‍ അന്വേഷിച്ചെത്തിയപ്പോളാണ് ഹോസ്റ്റല്‍ മുറി അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നി മറ്റ് വിദ്യാര്‍ഥികള്‍ ജനാല ചില്ല് പൊട്ടിച്ച് നോക്കിയപ്പോളാണ് ഫാനില്‍ തൂങ്ങിയ നിലയില്‍നിതിനെ കണ്ടത്.

രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ മരണമാണ് നിതിന്റേത്. ഐഐടി വിദ്യാര്‍ത്ഥിയായ ശ്രീരാജ് കഴിഞ്ഞ മാസം ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ദില്ലി ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലിന് മുകളില്‍നിന്ന് ചാടി മരിച്ചിത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതും, പ്രൊജക്‍ടിന്റെ പേരില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളുമാണ് മരണങ്ങള്‍ക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.