ദില്ലി: 1990ൽ ഇന്ത്യാ അമേരിക്ക ബന്ധത്തിൽ കരിനിഴൽ വീഴ്ത്തിയ ഐ കെ ഗുജ്റാൾ-സദ്ദാം ഹൂസൈൻ കൂടിക്കാഴ്ച നടന്നത് അമേരിക്കയുടെ സമ്മതപ്രകാരമായിരുന്നു എന്ന് മകൻ നരേഷ് ഗുജ്റാൾ വെളിപ്പെടുത്തി. അമേരിക്കയുമായുള്ള സൈനിക സഖ്യം പുതിയ പ്രസിഡന്റ് വന്നാലും തുടരണമെന്നും എൻഡിഎ എംപിയായ നരേഷ് ഗുജ്റാൾ ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

എന്റെ അച്ഛൻ സദ്ദാം ഹുസൈന്‍ കുവൈത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അമേരിക്ക ആക്രമിക്കും എന്ന സന്ദേശം നല്‍കിയിരുന്നു. എന്നാൽ സദ്ദാം ഹുസൈൻ അത് തമാശയായാണ് എടുത്തത്. ഇപ്പോൾ അമേരിക്ക മാത്രമാണ് വൻ ശക്തി. അതിനാൽ അവരുമായി നല്ല ബന്ധം ഇന്ത്യയെ സഹായിക്കും. ഇറാക്കിലും കുവൈത്തിലും കുടുങ്ങിയ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യവുമായി ഗൾഫ് യുദ്ധത്തിന് തൊട്ടു മുമ്പാണ് അന്ന് വിദേശകാര്യമന്ത്രിയായിരുന്ന ഐകെ ഗുജ്റാൾ സദ്ദാം ഹുസൈനെ കണ്ടത്.

തന്നെ കെട്ടിപ്പിടിച്ച സദ്ദാമിനെ ഗുജ്റാൾ തിരികെ ആലിംഗനം ചെയ്തത് വലിയ വിവാദമായിരുന്നു. എന്നാൽ അമേരിക്കൻ സമ്മതത്തോടെ നടന്ന ആ കൂടിക്കാഴ്ചയിൽ അവരുടെ സന്ദേശം ഗുജ്റാൾ കൈമാറിയിരുന്നതായി മകൻ നരേഷ് ഗുജ്റാൾ ഏഷ്യാനെറ്റ് ന്യൂസിനോടു വെളിപ്പെടുത്തി. പുതിയ പ്രസിഡന്റ് വരുമ്പോഴും ഇന്ത്യ ഇപ്പോഴത്തെ ബന്ധം തുടരണമെന്നും എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ എംപിയായ ഗുജ്റാൾ ആവശ്യപ്പെട്ടു. അമേരിക്കൻ സഹകരണത്തിന്റെ കാര്യത്തിൽ ഇടതുപക്ഷത്തിന്റെ വാചകമടി സർക്കാർ തള്ളണമെന്നും ഗുജ്റാൾ ആവശ്യപ്പെട്ടു.