കയ്യേറ്റം വര്‍ധിച്ചതുമൂലം നീരൊഴുക്ക് കുറഞ്ഞ് മലിനജലം നിറഞ്ഞു

ആലപ്പുഴ : മാന്നാര്‍ - വീയപുരം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഇലമ്പനം തോടിന്റെ ഇരുവശങ്ങളിലും അനധികൃത കയ്യേറ്റം. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതു കാരണം വര്‍ഷങ്ങളായി കയ്യേറ്റം തുടരുകയാണ്. പമ്പാ-അച്ചന്‍കോവില്‍ ആറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇലമ്പനം തോട്ടിലൂടെ മുമ്പ് ചരക്കുവള്ളങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന നാലരമീറ്ററോളം വീതിയുണ്ടായിരുന്ന തോടാണ് ഇന്ന് കയ്യേറ്റം വര്‍ധിച്ചതുമൂലം നീരൊഴുക്ക് കുറഞ്ഞ് മലിനജലം നിറഞ്ഞിരിക്കുന്നത്.

മുമ്പ് കയ്യേറ്റം നടത്തിയവര്‍ ആ സ്ഥലങ്ങളില്‍ വൃക്ഷങ്ങളും തെങ്ങും വച്ച് പിടിപ്പിക്കുകയും മറ്റും ചെയ്തിരിക്കുന്നു. ഇപ്പോള്‍ ചില രാഷ്ട്രീയക്കാരുടെ ഒത്താശയോടെ വീണ്ടും കയ്യേറ്റം ആരംഭിച്ചിരിക്കുകയാണ്. ഇതിനായി തോട്ടില്‍ മുളംകാലുകള്‍ നാട്ടി തിരിച്ച് ഇതിനുള്ളില്‍ ചെളിയിറക്കിയിരിക്കുയാണ്. വള്ളക്കാലി പാലത്തിന് സമീപം ഏതാണ്ട് ഇരുന്നൂറ് മീറ്ററോളം പുതിയതായി കയ്യേറ്റം നടത്തിയിട്ടുണ്ട്. പരാതിപ്പെടുന്നവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതായും നാട്ടുകാർ പറയുന്നു.