അനധികൃത മണ്ണെടുപ്പിനെകുറിച്ച് പത്തുവര്‍ഷം കഴിയുമ്പോള്‍ അറബിക്കടലും സഹ്യപര്‍വ്വതവും ഒരേ ലെവലിലാകുമെന്ന കൊട്ടാരക്കര തഹസില്‍ദാര്‍ ദിവാകരന്‍ നായരുടെ പ്രതികരണമാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. കൊട്ടാരക്കര ഓടനവട്ടത്തെ ഈ സ്ഥലത്ത് നിന്നും ചെങ്കല്ല് ഖനനത്തിനനാണ് അനുമതിയുള്ളത്. ഹൈക്കോടതിയില്‍ നിന്ന് വീട് നിര്‍മ്മാണത്തിനെന്ന പേരില്‍ മണ്ണ് നീക്കാന്‍ അനുമതി വാങ്ങി. 135 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള വീടിന് കിട്ടിയ അനുമതിയുടെ മറവില്‍ രണ്ട് ഏക്കര്‍ സ്ഥലത്തെ മണ്ണ് കടത്തി.

കോര്‍പ്പറേഷന്‍ ബാങ്ക് കൊല്ലം ശാഖയില്‍ പണയപ്പെടുത്തിയിരിക്കുന്ന വസ്‌തുവിലാണ് ഇത്തരത്തില്‍ മണ്ണെടുത്തത്. വായ്പ തിരിച്ചടക്കാത്തിനാല്‍ വസ്‌തു കൈവശപ്പെടുത്തിയതായി കാണിച്ച് ബാങ്ക് പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. ഇവിടെ നിന്ന് ഇപ്പോഴും മണ്ണ് എടുക്കുന്നുണ്ട്. സ്ഥലം ബാങ്ക് കൈവശപ്പെടുത്തിയ വിവരം മറച്ച് വച്ചാണ് അനുമതി നേടിയതെന്ന് വ്യക്തം.

ഇനി മറ്റു ചില തട്ടിപ്പുകള്‍ കൂടെ കാണാം. കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി അംബിക മാസങ്ങള്‍ക്ക് മുമ്പ് വീട്ടിലേക്കുള്ള വഴി ശരിയാക്കുന്നതിനായി 10 ലോഡ് മണ്ണിന് അപേക്ഷിച്ചിരുന്നു. റോഡ് നന്നാക്കി കഴിഞ്ഞിട്ടും ഇവരുടെപേരില്‍ നൂറുകണക്കിന് ലോഡ് മണ്ണാണ് കൊട്ടാരക്കരയില്‍ നിന്നും കൊണ്ട് പോകുന്നത്.

വീട് നിര്‍മ്മിക്കാനായി സ്വന്തം ഭൂമിയിലെ മണ്ണ് നീക്കാന്‍ വെട്ടിക്കവല സ്വദേശി രാമചന്ദ്രന് അനുമതി കിട്ടി. കരുനാഗപ്പള്ളി തേവലക്കര വില്ലേജിലെ ഇന്ദുചൂഡന്റെ വസ്ഥുവിലേക്ക് മണ്ണ് കൊണ്ടുപോകാണ് ഇടനിലക്കാരന്‍ പാസെടുത്തിരുന്നത്. ഇവിടെ നിന്ന് പോകുന്ന മണ്ണ് തേവലക്കരയിലെ ഇന്ദുചൂഡന്റെ വസ്ഥുവിലെത്തുന്നില്ലെന്ന് കാണിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ അനുമതി റദ്ദാക്കി.

പിന്നെ ഇങ്ങിനെ എടുക്കുന്ന മണ്ണെവിടെ പോകുന്നു എന്ന അന്വേഷണത്തിന് ഒടുവിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കരുനാഗപ്പള്ളിയിലെത്തിയത്. ഇവിടെ പല ഇടങ്ങളിലും അനധികൃതമായി മണ്ണ് ശേഖരിച്ച് മറിച്ചുവില്‍ക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മനസിലായി.

ഇതുപോലെ പത്തിലധികം സ്ഥലങ്ങള്‍ കരുനാഗപ്പള്ളിയില്‍ മാത്രമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് സംഘം ബന്ധപ്പെട്ടപ്പോള്‍ അനുമതി ഇല്ലാതെ തന്നെ വയലടക്കം നികത്തി തരാമെന്നായിരുന്നു ഇത്തരത്തില്‍ മണ്ണ് വില്‍ക്കുന്ന ഒരാളുടെ മറുപടി. പൊലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പോകുന്ന ദേശീയപാതയോട് ചേര്‍ന്നാണ് നിയമം കാറ്റില്‍പ്പറത്തിയുള്ള ഈ മണ്ണ് കച്ചവടം. മണ്ണ് കൊണ്ട് പോകുന്ന പല ടിപ്പറുകളിലും പാസ് പ്രദര്‍ശിപ്പിച്ചിട്ടില്ല. നമ്പറും ഇല്ല. കരുനാഗപ്പള്ളിയിലെ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും നിര്‍ബാധം വയലും ചതുപ്പും നികത്തുന്നത് തുടരുന്നു.

റിപ്പോര്‍ട്ട്- മുജീബ് ചെറിയമ്പുറം
ക്യാമറ- പ്രവദ്