Asianet News MalayalamAsianet News Malayalam

നിയമവിരുദ്ധമായി കുട്ടിയെ ദത്തെടുക്കാന്‍ ശ്രമം, ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ പേരുമാറ്റി; രണ്ട് പേര്‍ അറസ്റ്റില്‍

പ്രസവ സംബന്ധമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പ്രസവശേഷം കുഞ്ഞിനെ ആവശ്യപ്പെട്ട കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ പേരില്‍ ആയിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രസവശേഷം ദമ്പതികളുടെ പേരില്‍തന്നെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.

illegal child adoption two arrested
Author
Thiruvananthapuram, First Published Jan 7, 2019, 7:41 PM IST

തിരുവനന്തപുരം: കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിയമവിരുദ്ധമായി ദത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കുന്നത് ബാലനീതി നിയമപ്രകാരം മൂന്ന് വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 

നിയമവിധേയമല്ലാതെ കുട്ടികളെ ദത്ത് എടുത്തതായി അറിഞ്ഞാല്‍ ആ വിവരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി. 

പത്തനംതിട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമവിധേയമല്ലാതെ കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ച അടൂര്‍ സ്വദേശി കൃഷ്ണന്‍ കുട്ടി, പന്തളം സ്വദേശി അമീര്‍ഖാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. പരാതിയുമായി കുഞ്ഞിന്റെ അമ്മ തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അടൂരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഗര്‍ഭിണിയായ യുവതിയെ പ്രസവശേഷം നിയമവിധേയമല്ലാതെ കുഞ്ഞിനെ എറ്റെടുക്കുന്നതിനായി കൃഷ്ണന്‍കുട്ടിയും ഭാര്യയും അമീര്‍ഖാന്റെ ഒത്താശയാല്‍ സമീപിച്ചിരുന്നു. ഗര്‍ഭിണിയായ യുവതിയെ ദമ്പതികള്‍ വാടകവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. പ്രസവ സംബന്ധമായ ചെലവുകള്‍ ഉള്‍പ്പെടെ വഹിച്ചു കൊള്ളാമെന്നും കുഞ്ഞിനെ നല്‍കാമെന്ന വ്യവസ്ഥയില്‍ നിയമവിരുദ്ധമായി കരാറില്‍ ഏര്‍പ്പെട്ടു.

പ്രസവ സംബന്ധമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പ്രസവശേഷം കുഞ്ഞിനെ ആവശ്യപ്പെട്ട കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ പേരില്‍ ആയിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രസവശേഷം ദമ്പതികളുടെ പേരില്‍തന്നെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍ പ്രസവശേഷം അമ്മ കുഞ്ഞിനെ വിട്ടുനല്‍കാന്‍ തയ്യാറാകാതെ വന്നതോടെയാണ് സംഭവം പുറത്താകുന്നത്. 

തുടര്‍ന്ന് യുവതിയും കുഞ്ഞും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തുകയും പത്തനംതിട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബാല നീതി നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. 

ഇതുപ്രകാരം അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൃഷ്ണന്‍ കുട്ടി, യുവതിയെ ഗര്‍ഭിണിയാക്കുകയും ദത്തെടുക്കാന്‍ ഒത്താശയും ചെയ്ത അമീര്‍ഖാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. യുവതിയെയും കുഞ്ഞിനെയും ഗവ. മഹിളാ മന്ദിരത്തില്‍ സംരക്ഷിച്ച് വരുകയാണ്.

Follow Us:
Download App:
  • android
  • ios