സംസ്ഥാനത്ത് നാട്ടാനകള്‍ ക്രമാതീതമായി കുറഞ്ഞു ആനകളെ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാന്‍ നീക്കം വനംവകുപ്പിന്റെ നീക്കം പൊളിച്ച് കേന്ദ്ര സര്‍ക്കാര്‍

തൃശൂര്‍: സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംരക്ഷിക്കുന്ന ആനകളെ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാനുള്ള വനംവകുപ്പിന്റെ നീക്കം പൊളിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആനകളെ വില്‍പ്പന നടത്തരുതെന്നും സംരക്ഷിക്കണമെന്നും കേന്ദ്ര എലിഫെന്റ് പ്രൊജക്ട് ഡയറക്ടര്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതാണ് സര്‍ക്കാര്‍ നീക്കം പൊളിയാനിടയാക്കിയത്. ആന കടത്തും വില്‍പ്പനയും നിരോധിച്ചിരിക്കെ സംസ്ഥാനത്ത് നാട്ടാനകള്‍ ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ഉല്‍സവങ്ങളുടെ എണ്ണം കൂടുകയും എഴുന്നെള്ളിപ്പുകളുടെ വര്‍ധനവനുസരിച്ച് പങ്കെടുക്കാന്‍ ആവശ്യത്തിന് ആനകളില്ലാത്തത് ഉല്‍സവ സംഘാടകരെയും ആന ഉടമകളെയും വലയ്ക്കുന്നതായിരുന്നു.

ഇതിന് പരിഹാരമായിട്ടായിരുന്നു ആന കടത്തും, കൈമാറ്റവും അനുവദനീയമല്ലെന്നിരിക്കെ സംരക്ഷണത്തിനെന്ന പേരില്‍ കൈമാറുകയും പിന്നീട് ഇവര്‍ക്ക് ഉടമാവകാശം അനുവദിക്കാനുമായിരുന്നു വനംവകുപ്പ് പദ്ധതിയൊരുക്കിയത്. ഇതനുസരിച്ച് ആനകളെ വേണമെന്നാവശ്യപ്പെട്ട് 28 അപേക്ഷകളാണ് വനംവകുപ്പിന് ലഭിച്ചത്. ഒമ്പത് മുതല്‍ 19 വയസ് വരെ പ്രായമുള്ള ആനകള്‍ക്കാണ് ആവശ്യക്കാരേറെ. ഉടമസ്ഥാവകാശമില്ലാത്ത 33 ആനകളാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. സമീപകാലത്ത് തൃശൂരിലെ പ്രമുഖ കൊമ്പന്‍ ചെരിഞ്ഞ ആന ഉടമയടക്കമുള്ളവര്‍ ആനയാവശ്യത്തില്‍ വകുപ്പിന് അപേക്ഷ നല്‍കിയവരിലുണ്ട്. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം, തൃശൂരില്‍ തൃശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും, 50 ആനകളുള്ള ഗുരുവായൂര്‍ ദേവസ്വവും ആനകളെ വേണമെന്ന് അപേക്ഷ നല്‍കിയതിലുണ്ട്. 

കുറഞ്ഞത് ഏഴ് ആനകളെയെങ്കിലും വേണമെന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആവശ്യം. അപേക്ഷകള്‍ പരിഗണിച്ച് അനുവദിക്കുന്നതിന് തത്വത്തില്‍ ധാരണയായിരുന്നുവെങ്കിലും, പത്തനംതിട്ട സ്വദേശി കേന്ദ്രത്തെ വിവരം അറിയിച്ചതിലാണ് കേന്ദ്ര എലിഫെന്റ് പ്രൊജക്ട് ഡയറക്ടര്‍ ആന കൈമാറ്റം വിലക്കി നിര്‍ദ്ദേശം നല്‍കിയത്. പത്ത് വര്‍ഷത്തിനിടയില്‍ ഇരുന്നൂറിലധികം നാട്ടാനകളാണ് രോഗംമൂലവും, പീഡനം മൂലവും ചെരിഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തിരുന്ന 17 ആനകള്‍ രോഗബാധയെ തുടര്‍ന്ന് ചെരിഞ്ഞിരുന്നു.