തമിഴ്നാട് അതിർത്തിയിൽ ഇടുക്കിയിലെ കമ്പന്‍മേട്ട് ചെക്കു പോസ്റ്റ്, വാണിജ്യ നികുതി, എക്സൈസ് തുടങ്ങിയവക്കു പുറമെ മൃഗസംരക്ഷണ വകുപ്പിനും ഇവിടെ ചെക്കു പോസ്റ്റുണ്ട്. തമിഴ്നാട്ടിൽ നിന്നും ലോറിയിൽ നിറയെ പന്നികളെ ഇവിടെ എത്തിക്കും.

ചെക്കു പോസ്റ്റുകളിൽ വേണ്ട പേപ്പറുകൾ കാണിച്ച ശേഷം ലോറിയിലുണ്ടായിരുന്നവർ മടങ്ങിയെത്തി. മൃഗ സംരക്ഷണ വകുപ്പിന്‍റെ ചെക്കു പോസ്റ്റിലെ പരിശോധനയെക്കുറിച്ചറിയാൻ ഞങ്ങൾ പിന്തുടർന്നു. യാതൊരു പരിശോധനയുമില്ലാതെ ലോറി അതിർത്തി കടക്കുന്ന കാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാന്‍ കഴിഞ്ഞത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വരുന്ന മൃഗങ്ങൾക്ക് രോഗമുണ്ടോയെന്നും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടത് മൃഗസംരക്ഷണ വകുപ്പിൻറെ ചെക്കു പോസ്റ്റിലാണ്. എന്നാൽ ഇവിടെ ലോറി നിർത്തിയതു പോലുമില്ല.

പന്നികളെ കൊണ്ടു പോകാനുള്ള നിയമങ്ങൾ അന്വേഷിച്ച് ഞങ്ങൾ ചെക്കു പോസ്റ്റിലെത്തി. വാങ്ങുന്ന പഞ്ചായത്തിൽ നിന്നും മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റുമായെത്തിയാൽ മാത്രം മതിയെന്ന് ഉദ്യോഗസ്ഥൻ. എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് കടത്തി വിടുന്നെതെന്നാണ് ഇവർ പറയുന്നത്. പരിശോധിച്ച മൃഗങ്ങളുടെ ചെവിയിൽ ടാഗ് ഇടണമെന്ന നിബന്ധനയും ഇവിടെ പാലിക്കുന്നില്ല.

ലോറിയെ പിന്തുടർന്ന് ഞങ്ങളെത്തിയത് കട്ടപ്പനക്കടുത്തുള്ള ഒരു പന്നി വളർത്തു കേന്ദ്രത്തിലേക്ക്. ഇവിടെ ഇറക്കിയ പന്നികൾ അടുത്ത ദിവസം ഇറച്ചിയായി തീൻമേശയിലെത്തും. അത് രോഗം ബാധിച്ചതാണെങ്കിൽ പോലും. 

രോഗം ബാധിച്ച പന്നികളെയല്ല കൊണ്ടു വരുന്നതെന്ന് പരിശോധിക്കേണ്ടവർ ലോറി പോലും കാണാതെ കടത്തി വിടുന്നു. ഹാജരാക്കുന്നത് വ്യാജ സർട്ടിഫിക്കറ്റാണെന്നും ഇവർക്കറിയാം. ഇത് തുടർന്നാൽ മാരകരോഗം ബാധിച്ച പന്നികളുടെ ഇറച്ചിയും മലയാളികൾ കഴിക്കേണ്ടി വരും.