കോഴിക്കോട്: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടും കോഴിക്കോട് ജില്ലയില്‍ നൂറിലധികം കരിങ്കല്‍ ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു. 17 ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ മാത്രം അനുമതിയുള്ളപ്പോഴാണ് ഇത്. ലക്ഷങ്ങളാണ് ഓരോ ദിവസവും നിയമം ലംഘിച്ച് കരിങ്കല്‍ ഖനനത്തിലൂടെ ക്വാറി ഉടമകള്‍ സമ്പാദിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഇന്‍വസ്റ്റിഗേഷന്‍. 

മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്റെ രേഖകള്‍ പ്രകാരം കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത് 17 കരിങ്കല്‍ ക്വാറികള്‍ക്ക് മാത്രം. ഇതില്‍ ഭൂരിഭാഗവും കോഴിക്കോട് താലൂക്കിലാണ്.13 എണ്ണം. വടകരയില്‍ രണ്ട് ക്വാറികള്‍ക്കും കൊയിലാണ്ടി, താമരശേരി എന്നിവിടങ്ങളില്‍ ഓരോ ക്വാറികള്‍ക്കുമാണ് അനുമതി. എന്നാല്‍ ഇത്രയും ക്വാറികള്‍ മാത്രമാണോ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്?

ഞങ്ങള്‍ ആദ്യമെത്തിയത് വയലടയിലെ ഒരു ക്വാറിയില്‍. 25 ലോഡ് കരിങ്കല്ല് വേണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ കരിങ്കല്ല് പുറത്തേക്ക് കൊടുക്കുന്നില്ലെന്നും ക്രഷറുകള്‍ക്ക് മാത്രമേ കൊടുക്കുന്നുള്ളൂവെന്നും  വിശദീകരണം. ഈ ക്വാറി പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ. ഇനി ബാലുശേരിയിലെ ക്വാറിയിലേക്ക്. ഇതിനും പ്രവര്‍ത്തനാനുമതിയില്ല. പക്ഷേ ദിവസവും എഴുപത് ലോഡ് കരിങ്കല്ല് പൊട്ടിക്കുന്നു. ഈ ക്വാറി സുപ്രീം കോടതി വിധിയോടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു എന്നാണ് സര്‍ക്കാറിന്റെ കണക്കില്‍.

ഉത്തരം: രാവിലെ ആറ് മണിക്ക് തുടങ്ങിയാല്‍ ഒന്‍പത് മണി വരേയേ പണിയുള്ളൂ. അതിനിടയില്‍ വന്നാല്‍ കല്ല് കൊണ്ട് പോകാം.
റിപ്പോര്‍ട്ടര്‍: അതെന്താ അങ്ങനെ?
ഉത്തരം: ബില്ലില്ല. പത്ത് പത്തര ആകുമ്പോഴേക്കും ഓഫീസര്‍മാരൊക്കെ ഇറങ്ങും. അതിന് മുമ്പ് നിങ്ങള്‍ ചാടിയാല്‍ അപ്പുറത്തെത്താം.

അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായതിനാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ അതിരാവിലെയുള്ള ക്വാറിയുടെ പ്രവര്‍ത്തണം. ഉദ്യോഗസ്ഥര്‍ രാവിലെ പത്തിന് പരിശോധനയ്‌ക്ക് ഇറങ്ങുമ്പോഴേക്കും കരിങ്കല്ലുമായി ലോറികളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടാവും. ഇത്തരത്തില്‍ അനധികൃതമായി എത്ര ക്വാറികള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അന്വേഷിച്ചപ്പോള്‍ ഒരു ക്വാറി ഉടമയുടെ മറുപടി ഇങ്ങനെ.

ഉത്തരം: അനധികൃതമായി പ്രവര്‍ത്തിക്കുന്ന എണ്ണം എന്ന് പറയുന്നത് നൂറിലധികം എന്തായാലുമുണ്ട്.
റിപ്പോര്‍ട്ടര്‍: നൂറിലധികം ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്?
ഉത്തരം: അതേ

അനധികൃത കരിങ്കല്‍ ക്വാറികള്‍ പൂട്ടിക്കാന്‍ റവന്യൂ-ജിയോളജി ഉദ്യോഗസ്ഥര്‍ ഓടി നടക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഈ പകല്‍ക്കൊള്ള. ജില്ലാ ഭരണകൂടവും ജിയോളജി ഉദ്യോഗസ്ഥരുമാണ് ഈ നിയമ ലംഘനത്തിന് മറുപടി പറയേണ്ടത്.