തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ സത്യാഗ്രഹ സമരം നടത്തി. ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാര്‍ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.

ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ പതിനായിരക്കണക്കിന് ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് കൊണ്ട് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡോ. വി.ജി. പ്രദീപ് കുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.എം.എ. ആരോഗ്യ ചികിത്സാ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഐ.എം.എ. എന്നും പ്രതികരിച്ചിട്ടുണ്ടെന്നും ഡോ. വി.ജി. പ്രദീപ് കുമാര്‍ പറഞ്ഞു.

ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. സാമുവല്‍ കോശി, തിരുവനന്തപുരം ഐ.എം.എ. പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൂറുകണക്കിന് ഡോക്ടര്‍മാര്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു.

ഏകീകൃത കേന്ദ്ര ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കുക, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഉപയോഗിക്കുക, നെക്സ്റ്റ് പരീക്ഷ പിന്‍വലിക്കുക, സങ്കര വൈദ്യം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എം.എ. ദേശവ്യാപകമായി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും സത്യാഗ്രഹം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഇന്ത്യയൊട്ടാകെ ഡോക്ടര്‍മാര്‍ ഉപവസിച്ച് കൊണ്ട് രോഗികളെ ചികിത്സിച്ചു.

ഡോക്ടര്‍മാരുടെ കഴിവിന് അപ്പുറമുള്ള അവസ്ഥയിലായിരിക്കും പലപ്പോഴും മരണം സംഭവിക്കുക. സംഭവത്തിന്റെ നിജസ്ഥിതിയറിയാതെ ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും നേരെ ക്രൂരമായ ആക്രമണമാണ് പലപ്പോഴും നടത്തുന്നത്. ഈ ആക്രമണങ്ങള്‍ക്കെതിരെ ജൂണ്‍ ആറിന് ദില്ലി ചലോ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.