ഒളിവില്‍ കഴിയുന്ന ഇമാം കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. ഹൈക്കോടതി അഭിഭാഷകനിൽ നിന്ന് ഇമാം വക്കാലത്ത് തിരികെ വാങ്ങി.

തിരുവനന്തപുരം: പ്രായപൂ‍ർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാമുമായി എസ്ഡിപിഐക്ക് ബന്ധമില്ലെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ നേത്യത്വം. പാർട്ടി യുടെ പേരുപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും എസ്‍ഡിപിഐ വ്യക്തമാക്കി. അതേസമയം ഒളിവില്‍ കഴിയുന്ന ഇമാം കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. ഹൈക്കോടതി അഭിഭാഷകനിൽ നിന്ന് ഇമാം വക്കാലത്ത് തിരികെ വാങ്ങി. ഇന്നലെയാണ് ഇമാം ഷെഫീക് അൽ ഖാസ്മി മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകിയത്.

തിരുവനന്തപുരത്തെ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിം തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇമാമിനെതിരെ മൊഴി നൽകാതിരിക്കാൻ അമ്മയും ഇളയച്ചനും നിർബന്ധിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം കീഴടങ്ങാനായി ഇമാമിന് മേൽ പൊലീസ് സമ്മർദ്ദം ശക്തമാക്കി.

പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെൺകുട്ടി മൊഴി നൽകാൻ തയ്യാറായിരുന്നില്ല. മൂന്ന് ദിവസം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ കൗൺസിലിംഗ് നൽകിയ ശേഷമാണ് പെൺകുട്ടി മൊഴി നൽകിയത്. ഉമ്മയും ഇളയച്ചനും മൊഴി നൽകുന്നത് വിലക്കിയിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണോദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പ് ഡി അശോകൻ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളിൽ നിന്ന് വിശദമായ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്.

മുമ്പും ഇമാമിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഢനം നടന്ന പേപ്പാറ വനമേഖലയിൽ പെൺകുട്ടിയെ കൊണ്ടുപോയി കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം കോട്ടയം എറണാകുളം ജില്ലകളിലെവിടെയോ ഇമാം ഒളിവിലുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുൻപ് കീഴടങ്ങാൻ വക്കീൽ മുഖാന്തരം ഇമാമിന് അന്ത്യശാസനം നൽകിയിട്ടുണ്ട്.