ദില്ലി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിലുണ്ടായ വളര്‍ച്ചയ്ക്ക് പിന്നില്‍ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങളാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കഴിഞ്ഞ പാദങ്ങളില്‍ ആഭ്യന്തര ഉദ്പാദനം താഴാനുള്ള പ്രവണതയാണ് കാണിച്ചത്. എന്നാല്‍ അതിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. ഇനിയുള്ള മൂന്ന്, നാല് പാദങ്ങളിലും ജിഡിപി വളര്‍ച്ചാനിരക്ക് വര്‍ധിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

അഞ്ച് പാദങ്ങളിലെ തിരിച്ചടിക്ക് ശേഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 6.3 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. മൂന്ന് കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ആയിരുന്നു കഴിഞ്ഞ പാദത്തിലെ ജിഡിപി.കഴിഞ്ഞ അഞ്ച് പാദങ്ങളിലും ജിഡിപി നിരക്ക് താഴോട്ടായിരുന്നു. ഉത്പാദനം, വൈദ്യുതി, ഗ്ലാസ്, ജലസേചനം, വ്യാപര മേഖലകളില്‍ കഴിഞ്ഞ പാദത്തില്‍ 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് ജിഡിപി നിരക്കിനെയും സ്വദീനിച്ചുവെന്നാണ് കരുതുന്നത്.

ഉത്പാദന മേഖല ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തെക്കാള്‍ 1.7 ശതമാനം കൂടുതലാണ് ഇത്. മൂഡി പോലുള്ള റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ റാങ്കിങ് ഉയര്‍ത്തിയതോടെ സാമ്പത്തിക വിദഗ്ധര്‍ മികച്ച ജിഡിപി നിരക്ക് പ്രതീക്ഷിച്ചിരുന്നു.