സ്മാർട്ട് ഫോണുകൾ, കംപ്യൂട്ടർ, ടാബ്ലെറ്റുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ഒരു നിശ്ചിത കാലയളവിൽ മനപൂർവ്വം വിട്ടുനിൽക്കുന്നതിനെയാണ് ഡിജിറ്റൽ ഫാസ്റ്റിംഗ് എന്നു പറയുന്നത്.
മൊബൈൽ ഫോണാണോ നിങ്ങളുടെ സന്തതസഹചാരി? രാവിലെ ഉണരുമ്പോൾ നിങ്ങളാദ്യം കയ്യിലെടുക്കുന്നത് മൊബൈലാണോ? കംപ്യൂട്ടറിന് മുന്നിൽ ഒരു നിശ്ചിത സമയത്തിനപ്പുറം ചെലവഴിക്കാറുണ്ടോ? മൊബൈലിൽ നിരന്തരമായി റീൽസും വീഡിയോയും കാണുന്നവരാണോ നിങ്ങൾ? ഇങ്ങനെയെങ്കിൽ ഒരു നിമിഷം ആലോചിക്കൂ. ‘ഡിജിറ്റൽ ഫാസ്റ്റിംഗി’ന് സമയമായി. എന്താണീ ഡിജിറ്റൽ ഫാസ്റ്റിംഗ്? സ്മാർട്ട് ഫോണുകൾ, കംപ്യൂട്ടർ, ടാബ്ലെറ്റുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ഒരു നിശ്ചിത കാലയളവിൽ ബോധപൂര്‍വ്വം വിട്ടുനിൽക്കാൻ തീരുമാനിക്കുന്നതിനെയാണ് ഡിജിറ്റൽ ഫാസ്റ്റിംഗ് എന്നു പറയുന്നത്.
മാനസികാരോഗ്യത്തിനും സാമൂഹിക ബന്ധം മെച്ചപ്പെടുത്തുന്നതിനും ഈ രീതി ഏറെ സഹായകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഒരു നിശ്ചിത സമയത്തേക്ക് ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിന്നാണ് ഡിജിറ്റൽ ഫാസ്റ്റിംഗ് പരിശീലിക്കേണ്ടത്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ ഒഴിവാക്കിയും ഫോൺ, ടാബ്ലെറ്റ്, ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യാം. മൊബൈലിലെ നോട്ടിഫിക്കേഷൻസ് ഒഴിവാക്കുന്നവരുമുണ്ട്.
ഡിജിറ്റൽ ഫാസ്റ്റിംഗിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണ്?
ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളുടെയും കൈയിൽ മൊബൈൽ ഫോണും ഇന്റർനെറ്റുമുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ കാണാനും വീഡിയോ കാണാനും വേണ്ടിയാണ് ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത്. സമൂഹവുമായി ആശയവിനിമയം നടത്താൻ സാമൂഹിക മാധ്യമങ്ങൾ മികച്ച ഉപാധിയാണ്. എന്നാൽ ഇതിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നതിലൂടെ ആളുകൾ അവരുടെ സമയം പാഴാക്കുകയാണ് ചെയ്യുന്നത്.
അനാവശ്യമായ സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കിയാൽ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയും
ഉറങ്ങുന്നതിന് മുൻപ് സ്ക്രീൻ നോക്കുന്ന ശീലം കുറയ്ക്കുകയാണെങ്കിൽ കൃത്യസമയത്ത് ഉറങ്ങാൻ സാധിക്കും
ഡിജിറ്റൽ ലോകത്ത് സമയം പാഴാക്കുന്നത് കുറച്ചാൽ മറ്റ് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമയം ചെലവഴിക്കാനും സാധിക്കും.
സാമൂഹിക ബന്ധം മെച്ചപ്പെടുകയും കുടുംബത്തിനും കുട്ടികള്‍ക്കും ഒപ്പം ചെലവഴിക്കാൻ സമയം ലഭിക്കുകയും ചെയ്യും
എങ്ങനെയാണ് ഡിജിറ്റൽ ഫാസ്റ്റിംഗ് പരിശീലിക്കേണ്ടത്?
എല്ലാ ദിവസവും ഒരു നിശ്ചിത സമയത്തേക്ക്, കുറച്ച് മണിക്കൂറുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ ഒഴിവാക്കണം. ഫോണും ലാപ്ടോപ്പും ടാബ്ലെറ്റും എല്ലാം മാറ്റിവെയ്ക്കാം. ചിലർ ഒരു ദിവസം, മറ്റ് ചിലർ ഒരാഴ്ച വരെയൊക്കെ ഡിജിറ്റൽ ഫാസ്റ്റിംഗ് പരിശീലിക്കാറുണ്ട്. അമിതമായ ഡിജിറ്റൽ ഉപകരണ ഉപയോഗം മാനസികവും വൈകാരികവുമായ ആഘാതം സൃഷ്ടിക്കുമെന്ന് സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
2023-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സ്‌ക്രീനുകളുടെ അമിത ഉപയോഗം 2 മുതൽ 3 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. അവരുടെ വൈജ്ഞാനികവും ഭാഷാപരവും സാമൂഹികവും വൈകാരികവുമായ വളർച്ചയെ ദോഷകരമായി ബാധിച്ചേക്കാമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. 2 വയസിൽ താഴെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം വിർച്വൽ ഓട്ടിസത്തിനും കാരണമായിത്തീരാം. അമിതമായ സ്ക്രീൻ ടൈം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന വിപത്താണ്.



