ലക്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ രാഹുലിനെ പ്രകീര്‍ത്തിച്ച് പോസ്റ്ററുകള്‍. രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാഹുലിനെ രാമനായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനായും ചിത്രീകരിച്ച പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
രാമന്റെ അവതാരമായ രാഹുല്‍ ഗാന്ധി രാവണന്റെ പ്രതിരൂപമായ മോദിയെ വധിക്കുന്നതായി ചിത്രീകരിച്ച പോസ്റ്ററുകളാണ് അമേഠി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മോദിയുടെ നേതൃത്വത്തിലുളള ബിജെപിയുടെ ഭീകരത അവസാനിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി രാമരാജ്യം സ്ഥാപിക്കുമെന്നും പോസ്റ്ററുകളില്‍ വിവരിക്കുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അഭയ് ശുക്ല പിന്നില്‍ നില്‍ക്കുന്ന പോസ്റ്ററുകളാണ്് പ്രത്യക്ഷപ്പെട്ടതില്‍ പലതും.
ശ്രീരാമന്‍െ അവതാരമാണ് രാഹുല്‍. 2018 ല്‍ രാഹുല്‍ രാജ് വരും എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. മറ്റൊരു പോസ്റ്ററില്‍ പോരാളി അദ്ദേഹത്തിന്റെ യാത്ര തുടരുന്നു എന്നാണ് വിവരിച്ചിരിക്കുന്നത്. പോസ്റ്ററുകള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക അറിവോടെയല്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. അതേസമയം, പ്രതിഷേധിക്കാന്‍ പാകത്തിന് പോസ്റ്ററുകളില്‍ ഒന്നുമില്ലെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു. ജനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ സ്വീകരിക്കാന്‍ അവരവരുടെ രീതിയുണ്ട്. അതില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച അമേഠി സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി പൊതുസമ്മേളനത്തിലും റാലിയിലും പങ്കെടുക്കും.
