ദിബ്രുഗഢ്: അസ്സമില്‍ വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു. നൂറോളം വരുന്ന ഗ്രാമവാസികള്‍ ചേര്‍ന്ന് അടുത്തുള്ള വനമേഖലയില്‍ വെച്ച് പുലിയെ വകവരുത്തുകയായിരുന്നു. പുലിയെ കൊന്നതിന് ശേഷം ഇവര്‍ ഇതിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദിബ്രുഗഢ് ജില്ലയിലെ ജോയ്പൂര്‍ ഗ്രാമത്തില്‍ വെളളിയാഴ്ച്ചയായിരുന്നു സംഭവം.
രാവിലെ 10 മണിയോടെ പുലി 60 കാരിയായ മൈക്കണ്‍ ഗൊഗോയിയെ കൊലപ്പെടുത്തുകയായിരുന്നു. പുലിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ഗ്രാമവാസികള്‍ ആയുധങ്ങളേന്തി സംഘടിച്ച് എത്തുകയായിരുന്നു. പുലിയുടെ ഇറച്ചി പാചകം ചെയ്ത് കഴിച്ച ശേഷം വെറും കാല്‍പാദം മാത്രമാണ് ബാക്കി വന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസമില്‍ നരഭോജികളുടെ ആക്രമണം ഇത് ആദ്യമായല്ല ഉണ്ടാവുന്നത്. നവംബറില്‍ ഗുവാഹത്തിക്ക് സമീപം ധീരേപര പ്രദേശത്ത്പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.
